@സ്വർണക്കടത്തിന് യു.എ.ഇ ബന്ധം
സംശയനിഴലിൽ ഗൾഫിലെ വ്യവസായി, കേരളത്തിലെ രാഷ്ട്രീയ ഉന്നതൻ, നയതന്ത്ര ഉദ്യോഗസ്ഥർ
തിരുവനന്തപുരം:യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ നടന്ന വമ്പൻ സ്വർണക്കടത്തിൽ പങ്കാളികളായ സ്വപ്‌നാസുരേഷും സരിത്തും പരൽമീനുകൾ മാത്രമാണെന്നും യു.എ.ഇയിലും കേരളത്തിലുമായി വമ്പൻസ്രാവുകളാണ് കടത്തിനു പിന്നിലെന്നും കസ്റ്റംസ് പറയുന്നു. നയതന്ത്ര ബാഗേജിൽ തിരുവനന്തപുരം വഴി എട്ടു തവണയും കൊച്ചിയിലൂടെ ഏഴുതവണയും സ്വർണം കടത്തിയെന്നാണ് വിവരം.
അറബ് രാജ്യങ്ങളിൽ സ്വാധീനമുള്ള മലയാളി വ്യവസായി, ഉത്തരകേരളത്തിലെ രാഷ്ട്രീയ പ്രമുഖൻ, നാല് യു.എ. ഇ പൗരന്മാർ, യു.എ.ഇ വിദേശ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർ, ഷാർജയിലെ മൂന്ന് മലയാളികൾ, സംസ്ഥാനത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർ, നാല് ഡ്രൈവർമാർ എന്നിവർ സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും സംരക്ഷണമൊരുക്കിയതും സ്വപ്‌നയായിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലും ബാഗേജ് കൈപ്പറ്റി, സ്വർണം വേർതിരിച്ച് മൂന്നാമത്തെയാൾക്ക് കൈമാറുകയായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും ദൗത്യം.
കാരിയർമാരായ ഇരുവർക്കും ഒരു തവണ സ്വർണം കടത്താൻ 10 മുതൽ 25ലക്ഷം വരെ കിട്ടിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ ഒത്താശയോടെ 230 കോടി രൂപയുടെ 680കിലോ സ്വർണം കടത്തിയതിലും ഇരുവർക്കും പങ്കുണ്ടോയെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഇതിൽ 25കിലോ മാത്രമാണ് പിടികൂടിയത്.
കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ സരിത്തിനെ യു.എ.ഇയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളും മറ്റും ശേഖരിച്ച് കോൺസുലേറ്റിൽ എത്തിക്കാൻ ചുമതലപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോൺസുലേറ്റിലേക്കുള്ള പത്ത് കാർഗോ സരിത് കൈപ്പറ്റിയതിന്റെ വേ-ബില്ലുകൾ കസ്റ്റംസ് പിടിച്ചെടുത്തു. ഇത് വഴി നൂറുകിലോ സ്വർണം കടത്തിയിട്ടുണ്ടാവുമെന്നാണ് നിഗമനം. ഇത്രയും സ്വർണം വാങ്ങിയതാര്, പണം എവിടെനിന്ന് തുടങ്ങിയവയെല്ലാം അന്വേഷിക്കുകയാണ്. നയതന്ത്ര പരിരക്ഷയുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ കസ്റ്റംസിന് പരിമിതിയുണ്ട്. ഐ.ബി, റാ ഉദ്യോഗസ്ഥരടങ്ങിയ സംഘം ഇവരിൽ നിന്ന് മൊഴിയെടുത്തിരുന്നു.
റാഷിദ് അൽ-ഷമീൽ എന്ന യു.എ.ഇ പൗരനാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ ബാഗേജ് തിരുവനന്തപുരത്തേക്ക് അയച്ചതെന്നാണ് സൂചന. സ്വപ്‌നയ്ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ഷാർജയിലെ മലയാളിയുടെ കടയിൽ നിന്നാണ് ഉണങ്ങിയ പഴങ്ങളും ഭക്ഷ്യവസ്തുക്കളും വാങ്ങിയതെന്നാണ് സരിത്തിന്റെ മൊഴി. തിരുവനന്തപുരത്തെ കോൺസലിന്റെ ഭാര്യയുടെ പേരിലാണ് ഇപ്പോഴത്തെ സ്വർണ ബാഗേജ് എത്തിയത്. ഇതിൽ 10പാക്കറ്റ് നൂഡിൽസും ബിസ്‌കറ്റും ഒരു കിലോ ഈന്തപ്പഴവുമുണ്ടായിരുന്നു. ഇതിനൊപ്പമാണ് ടവൽ റോഡ്, വാതിലിന്റെ ഹാൻഡിൽ എന്നിവയ്ക്കുള്ളിൽ സ്വർണം ഉരുക്കിയൊഴിച്ച് ഒളിപ്പിച്ചത്. യു.എ.ഇ വിദേശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കോൺസുലേറ്റിലേക്ക് ഇങ്ങനെയൊരു നയതന്ത്ര ബാഗേജ് അയയ്‌ക്കുക എളുപ്പമല്ല.
സ്വപ്‌നയുടെ ബന്ധങ്ങൾ
വിദേശബന്ധം
സ്വപ്‌നാസുരേഷ് നിരന്തരം വിദേശയാത്ര നടത്തിയിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും ഐ.ടി വകുപ്പിലെ ഉന്നതനൊപ്പം ദുബായിൽ പോയി. അന്ന് നെടുമ്പാശേരിയിലാണ് വിമാനമിറങ്ങിയത്. ഈ യാത്രകളുടെ ഉദ്ദേശ്യം കസ്റ്റംസ് പരിശോധിക്കുകയാണ്.
സഹായികൾ
സെക്രട്ടേറിയറ്റിലെ ഉന്നതരടക്കം സ്വപ്‌നയ്‌ക്ക് സഹായികളായിരുന്നു. ചില ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് രാത്രിയിലടക്കം പത്തിലേറെ കോളുകൾ പോയിട്ടുണ്ട്. ഐ.ടിക്ക് പുറമെ മറ്റ് വകുപ്പുകളിലേക്കും വിളികളുണ്ട്. ഇതിന്റെ വിവരം കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
കോൺസുലേറ്റ്
മുൻകേന്ദ്രമന്ത്രിയുടെ ശുപാർശയിൽ യു.എ.ഇ കോൺസുലേറ്റിലെത്തിയ സ്വപ്‌ന, കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടിവ് സെക്രട്ടറിയായി. നയതന്ത്ര ഉദ്യോഗസ്ഥരുമായി ഉറ്റബന്ധമായിരുന്നു. ബാഗേജുകൾ ശേഖരിക്കാനും രേഖകൾ ശരിയാക്കാനും ഇവർക്ക് അനുമതി കിട്ടിയിരുന്നു.
ഉന്നതപദവി
ക്രിമിനൽ പശ്ചാത്തലമുള്ള സ്വപ്‌ന, യാതൊരു പരിശോധയുമില്ലാതെ കോൺസുലേറ്റിലും ഐ.ടിവകുപ്പിലും ജോലിനേടിയത് ദുരൂഹമാണ്. തദ്ദേശീയരെ കോൺസുലേറ്റിൽ ജോലിക്കെടുക്കാൻ പൊലീസ് റിപ്പോർട്ട് വേണം. ആൾമാറാട്ടത്തിനും വ്യാജപീഡനക്കേസ് ചമച്ചതിനും ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാനിരിക്കെയാണ് ഉന്നതപദവിയിലെത്തിയത്.
കസ്റ്റംസുമായി സഹകരിക്കും- യു.എ.ഇ അംബാസഡർ
ദുബായ്: സ്വർണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസുമായി സഹകരിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൾ റഹ്‌മാൻ അൽ-ബന്ന പറഞ്ഞു. കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്നാണ് പ്രാഥമിക വിവരം. നയതന്ത്ര ബാഗേജിനെക്കുറിച്ച് അറിയാവുന്ന ഒരാൾ അത് ദുരുപയോഗം ചെയ്യുകയായിരുന്നു. ഇന്ത്യൻ ഏജൻസികളിൽ വിശ്വാസമുണ്ട് - ഇപ്പോൾ യു.എ.ഇയിലുള്ള സ്ഥാനപതി പറഞ്ഞു.