മുടപുരം: കൊവിഡ് രോഗികളുടെ എണ്ണം നിത്യേന വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കിഴുവിലം, വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, മുദാക്കൽ, കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നീ 6 ഗ്രാമ പഞ്ചായത്തുകളിലുമായി 1000 പേരുടെ സ്രവ പരിശോധന തുടങ്ങി. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളതും തീരദേശവുമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഇന്നലെ 80 പേരുടെ സ്രവമെടുത്തു. നിരീക്ഷണത്തിലുള്ളവർ, മറ്റു രോഗങ്ങൾ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ, പൊലീസ്, മത്സ്യക്കച്ചവടക്കാർ, ആട്ടോ തൊഴിലാളികൾ എന്നിങ്ങനെയുള്ളവർക്കാണ് ആദ്യഘട്ട സ്രവപരിശോധന. രണ്ടു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. ചിറയിൻകീഴ് താലൂക്ക്തല നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിൽ ഡോ. ദീപക്, ഡോ.അശ്വനിരാജ്, ഡോ.ആൻസി, ഡോ. ജാതവേതസ് മോഹൻലാൽ എന്നിവരാണ് സ്രവപരിശോധന നടത്തുന്നത്. നാളെ (9) പെരുമാതുറയിലും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു പഞ്ചായത്തുകളിലും പരിശോധന നടത്തും. ക്വാറന്റൈനിലുള്ളവരെയും മറ്റും സഹായിക്കാനായി എല്ലാ പഞ്ചായത്തുകളിലും ആശുപത്രികൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുകയാണ്. വക്കം റൂറൽ ഹെൽത്ത് സെന്ററിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്.വേണുജി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ സുരേഷ്, എ.എം.ഒ ഡോ.എൻ.എസ്.സിജു, കൊവിഡ് താലൂക്ക് നോഡൽ ഒാഫീസർ ഡോ.രാമകൃഷ്ണ ബാബു, സ്റ്റാഫ് നഴ്സ് ലേഖ എച്ച്.ഐ സജീവൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വക്കം - 67, കിഴുവിലം - 141, മുദാക്കൽ - 135,അഞ്ചുതെങ്ങ് - 84, കടയ്ക്കാവൂർ - 109ചിറയിൻകീഴ് - 132 എന്നിവരുൾപ്പെടെ 668പേരാണ് നിരീക്ഷണത്തിലുള്ളത്. വിദേശത്ത് നിന്ന് വന്ന 581പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 87 പേരുമുണ്ട്. ഹോം ക്വാറന്റെെനിൽ 563 പേരും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിൽ 102 പേരും 3 പേർ ഹോസ്പിറ്റൽ ഐസൊലേഷനിലുമാണ്.