തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്ന വേളയിൽ കെ.എസ്. ഇ. ബി ചെയർമാനായിരുന്ന എം.ശിവശങ്കർ (ശിവശങ്കരൻ) മിടുക്കനായ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയായി എത്തിയത്. ഒടുവിൽ വിവാദത്തിൽ കുടുങ്ങി സ്ഥാനം നഷ്ടപ്പെടുകയുംചെയ്തു.
ഒരുഘട്ടത്തിൽ, മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ നയചാതുരി ഇല്ലാതെ പ്രവർത്തിക്കുന്നുവെന്ന് പാർട്ടിക്കാർതന്നെ പരിഭവം പറഞ്ഞതോടെ മുൻ എം.എൽ.എ കൂടിയായ ഇപ്പോഴത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയ വേളയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എന്ന പദവിയിലാണ് ശിവശങ്കർ തുടർന്നത്.ജയരാജൻ കണ്ണൂർ പാർട്ടി ജില്ലാ സെക്രട്ടറിയായി പോയതോടെ പ്രൈവറ്റ് സെക്രട്ടറി പദവിയിൽ ആർ.മോഹൻ വന്നെങ്കിലും
സെക്രട്ടറി പദവി ശിവശങ്കറിനായിരുന്നു.
വിശ്വസ്തനായതിനാൽ വിവര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഐ.ടി. വകുപ്പിന്റെ സെക്രട്ടറിയുമാക്കി.ക്രമേണ ഐ.ടി വകുപ്പ് വിവാദങ്ങളിൽ ചെന്നുവീഴുന്നതാണ് കേരളം കണ്ടത്.
2018ലെ മഹാപ്രളയത്തിന് ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൾട്ടന്റായി കെ.പി.എം.ജിയെ കൊണ്ടുവരാൻ നടത്തിയ നീക്കത്തിൽ തുടങ്ങുന്നു വിവാദങ്ങൾ. ഒടുവിൽ കെ.പി.എം.ജിയെ സർക്കാരിന് മാറ്റിനിറുത്തേണ്ടി വന്നു.
പ്രളയത്തിൽ നാശനഷ്ടം നേരിട്ടവരെ കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ ഐ.ടി വകുപ്പ് മുൻകൈയെടുത്ത് സ്റ്റാർട്ടപ്പ് സംരംഭകർ വഴി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതും ആക്ഷേപത്തിനിടയാക്കി. പാളിച്ചകൾ കാരണം നഷ്ടപരിഹാര വിതരണം ഇനിയും പൂർത്തിയായിട്ടില്ല.
ടെക്നോപാർക്കിൽ ഐ.ഐ.ഐ.ടി.എം.കെയെ വികസിപ്പിച്ച് ഡിജിറ്റൽ സർവകലാശാലയാക്കാനും അവിടെ നിരവധി തസ്തികകളനുവദിക്കാനും കാര്യവട്ടത്തെ ചെറുകിട സോഫ്റ്റ്‌വെയർ വികസന കേന്ദ്രത്തെ ഗവേഷണകേന്ദ്രമാക്കി മാറ്റി തസ്തികകൾ അനുവദിക്കാനും തീരുമാനിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കി.
കൊവിഡ് പ്രതിരോധത്തിൽ സർക്കാർ മികച്ച പ്രതിച്ഛായയുമായി മുന്നേറവേയാണ് സ്പ്രിൻക്ലർ വിവാദം. ഇടതുപാർട്ടികളുടെ നയത്തിന് വിരുദ്ധമായിരുന്നു ഇടപാടും നടപടി ക്രമങ്ങളും. സർക്കാരിന് സ്പ്രിൻക്ലറുമായി അകലം പാലിച്ച് തലയൂരേണ്ടി വന്നു. മുഖ്യമന്ത്രിയുടെ നീരസത്തിനും ഇടയാക്കിയിരുന്നു. എങ്കിലും ഐ.ടി സെക്രട്ടറിയെ സംരക്ഷിച്ചു.
മദ്യവില്പനയ്ക്കുള്ള ബെവ്ക്യു ആപ്പും തലവേദനയായി. ഇ-ബസ് പദ്ധതിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെ കൺസൾട്ടൻസിയാക്കാനും പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാനും നടത്തിയ നീക്കങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.