bfjayan

കോവളം:കാഴ്ചയില്ലെങ്കിലും മനക്കരുത്തിലും ഉൾക്കാഴ്ചയിലും പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് വെളിച്ചവും വിദ്യയും പകർന്ന പാച്ചല്ലൂരിന്റെ സ്വന്തം വിജയൻ മാസ്റ്റർ എപ്പോഴും തിരക്കിലാണ്. അദ്ധ്യാപന ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും കഥ,കവിത,നാടകം എന്നിവയുടെ രചനയിൽ മുഴുകിയിരിക്കുകയാണ്. കഥാപ്രസംഗം, ഉപന്യാസം, ആത്മീയ പ്രഭാഷണം, ഭജന എന്നിവയിലും മുഴുകാറുണ്ട്. കെ.എസ്.ബി ബ്രയിൽ പ്രസിന്റെ പ്രൂഫ് റീഡറായും ജോലി നോക്കുന്നുണ്ട്. വൈകല്യത്തിന്റെ പേരിൽ പിന്തിരിഞ്ഞോടുന്നവർക്കെന്നും പ്രചോദനമാണ് മാസ്റ്ററുടെ ജീവീതം. കഴിഞ്ഞ ലോക്ക് ഡൗണിൽ വിജയൻ മാസ്റ്റർ സമയം പാഴാക്കിയില്ല. മലയാളം, ഇംഗ്ലീഷ് ഭാഷാ വ്യാകരണം, ആകാശവാണിക്കായി നാടകരചന, യൂടൂബിലൂടെ നിരവധി കലാപരിപാടികൾ അവതരിച്ചു ശ്രദ്ധേയനായി. പ്രതിസന്ധികളോട് പൊരുതിയാണ് ഇവിടംവരെയെത്തിയത്. ഗവ.ലാ കോളേജിൽ നിന്നു എൽ.എൽ.ബിയും കാര്യവട്ടം യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളത്തിൽ എം.എയും നേടിയ മാസ്റ്റർ 20 വർഷം അദ്ധ്യാപനം ജീവിതത്തിന്റെ ഭാഗമാക്കി.

ദിനചര്യ

രാവിലെ 5ന് ഉണർന്നാൽ 15 മിനിട്ട് ധ്യാനം. പോയ ദിവസത്തെ കാര്യങ്ങളുടെ അവലോകനം. പിന്നെ ഇന്നത്തേത് ചിട്ടപ്പെടുത്തും. ഇഷ്ടം കൂട്ടുകാരനായ റേഡിയോ എവിടെയായാലും ഒപ്പംകൂട്ടും.രാവിലെ 6.30ന് തുടങ്ങുന്ന പ്രഭാതഭേരിയും പ്രദേശിക വാർത്തകളും പുലർവെട്ടവും മുടങ്ങാതെ കേൾക്കും. ആറ് വർഷങ്ങൾക്ക് മുമ്പ് പാച്ചല്ലൂരിൽ നിന്നും വിളപ്പിൽശാലയിലേക്ക് താമസം മാറ്റിയ മാസ്റ്റർ അഗതികൾക്കു സംരക്ഷണം ഒരുക്കാനും കാഴ്ചയില്ലാത്തവർക്കു പിന്തുണ നൽകാനും വിവിധ സംരംഭങ്ങൾ നടത്തുന്നുണ്ട്.

പുരസ്‌കാരങ്ങളും വേദികളും

നൂറ്റിയമ്പതോളം വേദികളിൽ കഥാപ്രസംഗവും ആത്മീയ പ്രഭാഷണങ്ങളും അഞ്ഞൂറിൽപ്പരം വേദികളിൽ കവിതാ ആലാപനവും ഭജനകളും നടത്തി. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘത്തിന്റെ കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ രവിവാര പാഠശാലകളിലൂടെ ഗുരുദേവ കൃതികളുടെ ദർശനം പഠിപ്പിച്ചിട്ടുണ്ട്. മികച്ച പ്രബന്ധ രചനയ്ക്ക് ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നു ഗോൾഡ് മെഡൽ, സംസ്ഥാന ഗാന്ധിദർശൻ സമിതിയുടെ മികച്ച ഗാന്ധി ദർശൻ ഹൈസ്‌കൂൾ അദ്ധ്യാപകനുള്ള പുരസ്‌കാരം, ശിവഗിരിയിൽ നിന്നു സാഹിത്യ അവാർഡ്, തൃശൂർ ശ്രീനാരായണ പരിഷത്തിന്റെ മികച്ച ഗുരുദർശന പ്രചാരകനുള്ള ആയുർവേദാചാര്യ വി. ഭാർഗവൻ വൈദ്യർ അവാർഡും നിറവ് സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്.

കവിതാ രചനയിൽ ഗുരുവായി കാണുന്നത് ഒ.എൻ.വിയെയാണ്. എല്ലാപിന്തുണയും നൽകുന്നത് ഭാര്യ തങ്കച്ചിയും മക്കളായ അഭിഭാഷകനും തബലിസ്റ്റുമായ വിനീതും കമ്പ്യൂട്ടർ അദ്ധ്യാപകനും വയലിനിസ്റ്റുമായ വിജിത്തുമാണ്. -വിജയൻ മാസ്റ്റർ