വിതുര: കെ.എസ്.ആർ.ടി.സി ബസുകളുടെ കുറവ് കാരണം വിതുര - നന്ദിയോട് - പാലോട് റൂട്ടിൽ യാത്രാക്ലേശം രൂക്ഷം. അശാസ്ത്രീയമായ ഓപ്പറേറ്റിംഗാണ് സർവീസുകൾ താറുമാറാക്കിയതെന്നാണ് യാത്രക്കാർ പറയുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ബസ് സർവീസ് താറുമാറായി.
മണിക്കൂറോളം കാത്തുനിൽക്കുമ്പോഴാണ് പലപ്പോഴും ബസ് ലഭിക്കുന്നത്. മലയോരമേഖലയിൽ അനവധി ഡിപ്പോകൾ പ്രവർത്തിക്കുമ്പോഴും യാത്രക്കാർക്ക് ഇപ്പോൾ ആശ്രയം സ്വകാര്യ വാഹനങ്ങൾ മാത്രമാണ്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കാണ് ഏറെ ദുരിതം. വിദ്യാലയങ്ങൾ തുറക്കുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകും. വിതുര, ആര്യനാട്, പാലോട്, നെടുമങ്ങാട് ഡിപ്പോകളിൽ നിന്ന് വിതുര - പാലോട് റൂട്ടിൽ കൂടുതൽ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
അടുത്തടുത്ത് 4 ഡിപ്പോകൾ
മലയോരമേഖലയിലെ യാത്രാക്ളേശം പരിഹരിക്കുന്നതിനാണ്
വിതുര, പാലോട്, ആര്യനാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി ഡിപ്പോകൾ ആരംഭിച്ചത്. എന്നാൽ നെടുമങ്ങാട് ഉൾപ്പെടെ നാല് ഡിപ്പോൾ അടുത്തടുത്ത് പ്രവർത്തിച്ചിട്ടും യാത്രാദുരിതത്തിന് അറുതിയില്ല. മുൻപ് പാലോട്, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട ഡിപ്പോകളിൽ നിന്ന് അനവധി സർവീസുകൾ വിതുര - പാലോട് റൂട്ടിൽ ഉണ്ടായിരുന്നു. വിതുര കേന്ദ്രമാക്കി ഡിപ്പോ പ്രവർത്തനം ആരംഭിച്ചതോടെ ഇൗ സർവീസുകൾ നിലയ്ക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സിയോട് അപ്രിയമോ?
കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ കയറുന്നില്ലെന്നും സ്വകാര്യവാഹനങ്ങളിൽ കയറാനാണ് ഇഷ്ടമെന്നുമാണ് അധികൃതർ പറയുന്നത്. ഇതുകാരണം റൂട്ടിൽ കൂടുതൽ ബസുകളയച്ചാൽ കനത്ത നഷ്ടമുണ്ടാകുമെന്നും പറയുന്നു.
......................................................
വിതുര - നന്ദിയോട് - പാലോട് റൂട്ടിൽ കൂടുതൽ ബസുകൾ സർവീസ് നടത്തണം, അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടി സംഘടിപ്പിക്കും.
(ഫെഡറേഷൻസ് ഒഫ് റസിഡന്റ് അസോ.വിതുര മേഖലാ കമ്മിറ്റി)