കിളിമാനൂർ: കൊവിഡും ലോക്ക് ഡൗണും കാരണം വരുമാനം നിലച്ച മേഖലകളിലെ ജീവനക്കാർ ഉണർവിന്റെ പാതയിലേക്ക് പതിയെ പോകുമ്പോഴും കലാ - കായിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിസന്ധി തുടരുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി അദ്ധ്യാപകരാണ് കിളിമാനൂരിലും പരിസരപ്രദേശങ്ങളിലുമായി ഉള്ളത്. മാസങ്ങളായി തുടരുന്ന ദുരിതത്തിൽ ഇവരിൽ പലരുടെയും വരുമാനം പൂർണമായും നിലച്ചു. ലോക്ക് ഡൗൺ പ്രതിസന്ധി മറികടക്കാൻ സ്കൂൾ പഠനത്തിന് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള സമാന്തര സംവിധാനമൊരുക്കുമ്പോൾ കലാ - കായിക പരിശീലനങ്ങൾ ഇപ്പോഴും ട്രിപ്പിൾ ലോക്ക് ഡൗണിൽ തന്നെയാണ്. സ്കൂൾ - കോളേജ് കലോത്സവങ്ങളും അതിനനുബന്ധമായി നടക്കുന്ന കലാപഠനത്തിനും, ഉത്സവ സീസണുകളിലെ അരങ്ങേറ്റങ്ങൾക്കും പൂട്ട് വീണിട്ട് മാസങ്ങൾ പിന്നിടുമ്പോഴും ഇവ മറികടക്കാൻ നടപടി ഒന്നും ഉണ്ടായിട്ടില്ല. ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ച് ഓരോ മേഖലയ്ക്കും ഇളവുകൾ നൽകിയിട്ടും കുട്ടികളുടെ സർഗശേഷികൾ പരിപോഷിപ്പിക്കാനുതകുന്ന കലാ - കായിക പഠനങ്ങൾക്ക് വിലക്ക് തുടരുകയാണ്. കലോത്സവങ്ങളിലും കേരളോത്സവങ്ങൾക്കും പങ്കെടുക്കേണ്ട ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാണ്. കൃത്യമായ സാമൂഹിക അകലം സ്വാഭാവികമായിത്തന്നെ പാലിച്ച് നടത്തിവരുന്ന നൃത്ത പഠനവും മറ്റു കലാപരിശീലനങ്ങളും തുടർന്നുപോകാൻ അനുവദിക്കാതിരിക്കുന്നത് കടുത്ത നീതിനിഷേധമാണെന്ന് ഈ മേഖലയിൽ ഉള്ളവർ പറയുന്നു. കെട്ടിട വാടക ഇനത്തിലും മറ്റും വൻ കുടിശിക വന്നതോടെ പല നൃത്ത വിദ്യാലയങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൊവിഡ് 19 പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചു ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
.
ജീവിതം ദുരിതമയം
നൃത്തം, നാടകം, സംഗീതം, വാദ്യകലകൾ ആയോധനകലകൾ തുടങ്ങിയവ പരിശീലിപ്പിക്കുന്ന നൂറുകണക്കിന് അദ്ധ്യാപകരാണ് വരുമാനമാർഗം നഷ്ടപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായത്. കലാപരിശീലനങ്ങൾ നിലച്ചതോടെ ഇതിന്റെ അനുബന്ധമായുള്ള ചമയക്കാർ, കോസ്റ്റ്യൂം ഡിസൈനിംഗ്, ഡ്രസ് മേക്കിംഗ്, മേക്കപ്പ് ആർട്ടിസ്റ്റുകൾ, തയ്യൽ ജീവനക്കാർ തുടങ്ങി പക്കമേളക്കാർ വരെയുള്ള ആയിരകണക്കിന് ആളുകളുടെ ഉപജീവന മാർഗവും വഴിമുട്ടിയിരിക്കുകയാണ്.
പരിശീലനം നഷ്ടപ്പെട്ടത് നൂറോളം വിദ്യാർത്ഥികൾക്ക്
പരിശീലകർക്കും അനുബന്ധപ്രവർത്തർക്കും തൊഴിൽ നഷ്ടമായി
നൃത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിൽ
കിളിമാനൂരിലും പരിസര പ്രദേശങ്ങളിലുമായുള്ളത്
നൃത്താദ്ധ്യാപകർ - 15 ലധികം
കായികാദ്ധ്യാപകർ - 20 ലധികം
കലാ അനുബന്ധ ജീവനക്കാർ - 30
മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് കുട്ടികൾ മത്സരങ്ങൾക്ക് പ്രാപ്തരാകുന്നത്. പരിശീലനം മുടങ്ങിയത് ഇവരെ സാരമായി ബാധിക്കും.
ചിത്ര, നൃത്ത അദ്ധ്യാപിക