മലയിൻകീഴ് :മഹാമാരിക്കാലത്തും നന്മയുടെ ഉറവ വറ്റാതെ പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ നന്മ പദ്ധതി മുടക്കമില്ലാതെ തുടരുന്നു. വിദ്യാർത്ഥികൾ സമാഹരിക്കുന്ന ഒറ്റരൂപ നാണയങ്ങൾ കൂട്ടിവച്ച് പ്രദേശത്തെ നിരാലംബരായ ആളുകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്ന നന്മ പദ്ധതിയാണ് മുടക്കമില്ലാതെ തുടരുന്നത്. പദ്ധതിയിലെ നീക്കിയിരുപ്പ് തുക തീർന്നതോടെ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് പെൻഷൻ വിതരണം നടത്തുകയാണ് സ്കൂൾ അധികൃതർ. കൊവിഡ് കാലത്ത് നന്മ പദ്ധതിയിൽ നിന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്കും നൽകിയിരുന്നു. പ്രതിമാസ പെൻഷൻ പ്രതീക്ഷിച്ച് 41 നിരാലംബരാണ് കഴിയുന്നത്. സ്കൂൾ കുട്ടികളുടെ സഹജീവി സ്നേഹത്തിന്റെ മാതൃക തുടരാൻ തന്നെയാണ് മാനേജ്മെന്റിന്റെ തീരുമാനമെന്ന് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ പറഞ്ഞു. കണ്ണശ മിഷൻ സ്‌കൂളിൽ ഓരോ ക്ലാസ് മുറികളിലും ഓരോ നന്മപെട്ടികൾ വെച്ചിട്ടുണ്ട്.ഓരോ വിദ്യാർത്ഥിയും എല്ലാ ദിവസവും ഇതിൽ ഓരോ ഒറ്റ രൂപ നാണയങ്ങൾ നിക്ഷേപിക്കും. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൊണ്ട് സമീപത്തെ മൂന്ന് പഞ്ചായത്തുകളിലായി 41 നിരാലംബരും നിർദ്ധനരുമായ വ്യക്തികൾക്ക് പ്രതിമാസം 500 രൂപ വീതം ഈ കുട്ടികൾ നൽകിവരുന്നു.