തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെച്ചൊല്ലി വിവാദമുയരുന്നതിനിടെ തന്നെ പ്രതിക്കൂട്ടിലാക്കിയ പഴയ സോളാർ കേസിനെപ്പറ്റി ഓർത്തുകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. താൻ കേന്ദ്രബിന്ദുവായ 2013ലെ സോളാർ വിവാദത്തെ ഓർത്തുപോയെന്ന് ഉമ്മൻചാണ്ടി പോസ്റ്റിൽ പറയുന്നു" ഞാൻ ഒരു ദൈവവിശ്വാസിയാണ്. ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേർ പ്രാർത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവർക്കും നന്ദി"- ഉമ്മൻചാണ്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
.'സോളാർ ഇടപാട് കൊണ്ട് ഒരു രൂപ പോലും സർക്കാരിന് നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം പോലും തട്ടിപ്പുനടത്തിയ കമ്പനിക്ക് സർക്കാർ നൽകിയില്ല. തട്ടിപ്പിനിരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസെടുത്തു. വിവാദ വ്യക്തിയുമായി 3 പേർ ഫോണിൽ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുണ്ടായ പരാതി. 3 പേരെയും ജോലിയിൽ നിന്ന് ഒഴിവാക്കി.
എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ രാജിക്കായി സെക്രട്ടേറിയറ്റ് വളയൽ വരെ നടത്തി.
സോളാർ കമ്മിഷൻ റിപ്പോർട്ട് പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോർട്ടിൽ നിന്ന് നീക്കം ചെയ്തു.
സർക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മിഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികൾ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യു.ഡി.എഫ് സർക്കാർ, നഷ്ടമായി കാണുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോഴുയർന്ന ആരോപണങ്ങളിൽ ഞാൻ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സർക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങൾ തിരിച്ചറിയും. ഈ ആരോപണങ്ങളിൽ നിന്ന് പുറത്തുവരാൻ സി.ബി.ഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം. '- ഉമ്മൻചാണ്ടി പറഞ്ഞു.