muhammed

തിരുവനന്തപുരം: 5ന് പുലർച്ചെ വർക്കല ഡെന്റൽ കോളേജ് ഹോസ്റ്റലിൽ പ്രവ‌ർ‌ത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ റിമാൻഡ് പ്രതികളിലൊരാൾ പിടിയിലായി.കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാനെയാണ്(18) ഇന്നലെ പുലർച്ചെ ഇയാളുടെ വീടിന് സമീപത്ത് നിന്ന് ജയിൽ അധികൃതർ പിടികൂടിയത്. ഇയാൾക്കൊപ്പം രക്ഷപ്പെട്ട
നെയ്യാറ്റിൻകര പള്ളിച്ചൽ കുളങ്ങരക്കോണം മേലെ പുത്തൻവീട്ടിൽ അനീഷാണ് (29) ഇനി പിടിയിലാകാനുള്ളത്. 29ന് മുഹമ്മദ് ഷാൻ വാഹന മോഷണക്കേസിലും 30ന് അനീഷ് കാപ്പ നിയമ പ്രകാരവുമാണ് പിടിയിലാവുന്നത്. ക്വാറന്റെെൻ കേന്ദ്രത്തിന്റെ 19ാം നമ്പർ മുറിയിൽ മറ്റ് പ്രതികൾക്കൊപ്പം പാർപ്പിച്ചിരുന്ന ഇരുവരും കുളിമുറിയിലെ വെന്റിലേറ്റർ ഗ്ലാസുകൾ ഇളക്കിയാണ് രക്ഷപ്പെട്ടത്. പിന്നാലെ കോളേജ് വളപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ചെടുത്ത് മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം കുളങ്ങരക്കോണം ആർ.സി ചർച്ചിന് സമീപം നിരവധി തവണ പ്രത്യക്ഷപ്പെട്ട അനീഷിനെ പൊലീസിന് പിടിക്കാൻ സാധിച്ചില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ മീനൂട്ടി എന്ന ആട്ടോറിക്ഷയിൽ കുപ്രസിദ്ധ ഗുണ്ട എറണാകുളം ബിജുവിനെ പൊലീസുകാരുടെ കെെയിൽ നിന്ന് രക്ഷിച്ച പറക്കുംതളിക ബെെജുവിന്റെ പൊന്നെടുത്താൻ കുഴി ചർച്ചിന് സമീപമുള്ള വീട്ടിലും ഇയാൾ എത്തിയിരുന്നു. വിവരം അറിഞ്ഞ് പൊലീസും ജയിൽ അധികൃതരും എത്തിയപ്പോഴേക്കും ഇയാൾ അവിടെ നിന്നും കടന്നു.

അനീഷ് കുപ്രസിദ്ധ ഗുണ്ട

മുഹമ്മദ് ഷാനൊപ്പം രക്ഷപ്പെട്ട അനീഷ് ബോംബേറ് ഉൾപ്പടെ ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് ജയിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി. മലയിൻകീഴ്,നേമം,നരുവാമൂട് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌‌തിരിക്കുന്നത്. പ്രതിക്കെതിരെ വിവരം കൊടുക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. ഇതിന് ശേഷം മൂക്കുന്നിമലയിലേക്ക് കയറുന്ന ഇയാൾ പിന്നീട് ദിവസങ്ങൾക്ക് ശേഷമേ തിരിച്ചിറങ്ങുകയുള്ളൂ. പൊലീസുകാരെയടക്കം ഭയപ്പെടുത്തി രക്ഷപ്പെടുന്നതും പ്രതിയുടെ പതിവാണെന്നാണ് വിവരം. ഇയാൾ രക്ഷപ്പെട്ടതോടെ നാട്ടുകാരും ആശങ്കയിലാണ്.