covid

പാറശാല: തമിഴ്നാടിനോട് ചേർന്നുള്ള അതിർത്തി മേഖലകളിൽ കൊവിഡ് വ്യാപിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാട് ഭാഗത്ത് നിന്നും നിരവധി പേർ ദിവസേന പാറശാല സർക്കാർ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിസ തേടി എത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ആളുകൾ കൂടുതലായി എത്തുന്നത് കൊവിഡ് വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. പാറശാല പഞ്ചായത്തിൽ സ്ഥിതീകരിക്കപ്പെട്ട ഏഴ് കൊവിഡ് കേസുകളിൽ പരശുവയ്ക്കൽ മലഞ്ചുറ്റിൽ ഡൽഹിയിൽ നിന്നും എത്തിയ മിലിട്ടറി ജീവനക്കാരൻ ഒഴികെ മറ്റെല്ലാവരും തമിഴ്നാട് അതിർത്തി പ്രദേശത്തുള്ളവരാണ്. പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അതിർത്തിക്കപ്പുറത്ത് നിന്നുള്ള രോഗി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാറശാല ഗവ. ആശുപത്രിയിലെ ഒരു ജീവനക്കാരിക്കും വന്യക്കോട് വാർഡിലെ ഒരു മിഠായി കട ഉടമയുടെ അമ്മാവനും ചെറുമകൾക്കും മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ രോഗം സ്ഥിരീകരിച്ച ഇയാളുടെ ഭാര്യ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്. കളിയിക്കാവിളയിലെ ഒരു ഹോട്ടൽ ജീവനക്കാരനും പാറശാല നെടുവൻവിള സ്വദേശിയും ചികിത്സയിലാണ്. അസുഖം സ്ഥിരീകരിച്ചവരിൽ മിക്കവരും പാറശാലയിലെ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതിനാൽ ഇവരെ ചികിത്സിച്ച ഡോക്ടർമാരും ഇവിടെ ജോലി നോക്കിയിരുന്ന മറ്റ് ജീവനക്കാരും ഇപ്പോൾ ക്വാറന്റൈനിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലെ വർദ്ധന പരിഗണിച്ച് പകർച്ച തടയുന്നതിനുമായി പാറശാല പഞ്ചായത്തിനെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കർശന പരിശോധന:

പാറശാലയിലെ രോഗ പകർച്ച കണക്കിലെടുത്ത് അതിർത്തി റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി കടന്ന് പോകുന്ന റോഡുകൾ, നിയന്ത്രണമില്ലാത്ത ജനസഞ്ചാരം, തമിഴ്‌നാട്ടിൽ നിന്നും ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണവും കൊവിഡ് ജാഗ്രത മുൻകരുതലുകൾ പാലിക്കാത്തതതും എന്നിവ ഇവിടെ രോഗം പരക്കുന്നതിന് കരണമാക്കുന്നുണ്ട്.