spices

ദുബായ്: തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന്, ഷാർജയിലെ അൽ സത്താർ സ്‌പൈസസ് അറിയിച്ചു. ബാഗ് അയച്ചതെന്ന് പറയുന്ന ഫാസിൽ എന്നയാളെ അറിയില്ലെന്നും സ്ഥാപനത്തിന്റെ ഉടമയായ മലയാളി പറഞ്ഞു. ഫാസിൽ എന്നപേരിൽ ആരും കടയിൽ ജോലി ചെയ്യുന്നില്ല. ഈന്തപ്പഴം, പലവ്യഞ്ജനം, ഡ്റൈഫ്രൂട്ട്സ് എന്നിവയാണ് കടയിൽ വിൽക്കുന്നത്. ഈ സ്ഥാപനത്തിന്റെ ഇൻവോയ്സ് സഹിതമാണ് ഡിപ്ലോമാ​റ്റിക് ബാഗ് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നത്. സരിത്തിന്റെ റിമാൻഡ് റിപ്പോർട്ടിലും കസ്റ്റംസ് ഇക്കാര്യം പരാമർശിച്ചിരുന്നു. ഒരുപക്ഷേ, ഫാസിൽ എന്നയാളോ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മ​റ്റൊരെങ്കിലുമോ ഇവിടെനിന്ന് സാധനങ്ങൾ വാങ്ങിയിരിക്കാം. അങ്ങനെ ലഭിച്ച ഇൻവോയ്സാകും ബാഗിനൊപ്പം കണ്ടെത്തിയെതെന്നും കടയുടമ വിശദീകരിച്ചു.

തിരുവനന്തപുരത്തേക്ക് ബാഗ് അയച്ചത് യു.എ.ഇയിൽ ഭക്ഷ്യവസ്തുക്കളുടെ കട നടത്തുന്ന ഫാസിൽ എന്നയാളാണെന്നാണ് കസ്​റ്റംസ് റിപ്പോർട്ടിലുള്ളത്. കാർഗോ ബുക്ക് ചെയ്തത് ഫാസിൽ എന്നയാളും ക്ലിയറൻസിനുള്ള പണം നൽകിയത് സരിത്തുമാണ്. ഒന്നാം പ്രതിയായ സരിത്തിന്റെ നിർദേശപ്രകാരമാണ് ഫാസിൽ കാർഗോ ബുക്ക് ചെയ്‌തെന്നും ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ബാഗിൽ സ്വർണം വച്ചത് ഫാസിൽ തന്നെയാണോ എന്ന് ഉറപ്പിച്ചിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് കസ്​റ്റംസ് പറയുന്നത്.