ആര്യനാട്: ആര്യനാട് ഗ്രാമപപഞ്ചായത്തിൽ ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജനം ഭീതിയിൽ. ആര്യനാട് ആശുപത്രിയിലെ ഒരു ഡോക്ടർ, രണ്ട് ആശാവർക്കർമാർ, ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ, ബേക്കറി ഉടമ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്രി. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായതെന്നാണ് നിഗമനം.
സ്റ്റേഷൻ മാസ്റ്റർ സമ്പർക്കം പുലർത്തിയവരിൽ നിരവധി ഡ്രൈവർമാരും കണ്ടക്ടർമാരുമുണ്ട്. ബേക്കറിയിലും ധാരാളം പേർ കയറിയിട്ടുണ്ട്. ഇതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. 2 ന് 100 പേരുടെ സ്രവം ആര്യനാട് ആശുപത്രി അധികൃതർ പരിശോധനയ്ക്ക് അയച്ചിരുന്നു. പൊലീസ്, കെ.എസ്.ആർ.ടി.സി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി ആര്യനാട് ആശുപത്രി, ആര്യനാട്ടെ ബേക്കറി, കോട്ടയ്ക്കകം, ഇറവൂർ വാർഡുകളിലെ ആശാവർക്കർമാർ എന്നിവരുമായി സമ്പർക്കം പുലർത്തിയവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
കടുത്ത നിയന്ത്രണങ്ങൾ
രോഗബാധ റിപ്പോർട്ട് ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങളാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7മുതൽ 10വരെ മാത്രമേ പ്രവർത്തിക്കൂ. കെ.എസ്.ആർ.ടി.സി ഡിപ്പോ, ആര്യനാട് ആശുപത്രി, ബേക്കറികൾ, ഹോട്ടലുകൾ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. നിർദ്ദേശങ്ങൾക്കും സേവനങ്ങൾക്കുമായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു.
ഡിപ്പോയും ലോക്കായി
ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോയും അടച്ചു.
ഇന്നലെ സർവീസ് നടത്തിയ മുഴുവൻ ബസുകളും തിരിച്ചുവിളിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് ഡിപ്പോയിലും ബസുകളിലും അണുനശീകരണം നടത്തി. പ്രധാന സർവീസുകൾ താത്കാലികമായി നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. രോഗം സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ പേരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും തുടർനടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.
അവലോകന യോഗം
നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ, ജില്ലാപഞ്ചായത്തംഗം വി. വിജുമോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാ ബീഗം ഗ്രാമ പഞ്ചായത്തംഗങ്ങൾ,എന്നിവരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്തിൽ കർശന ജാഗ്രത പുലർത്താൻ യോഗം തീരുമാനിച്ചു.ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൊതുജനങ്ങൾ ജാഗ്രതയോടെ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.