solar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാവരുതെന്നതിന് ഉദാഹരണമായി സോളാർ വിവാദത്തെ എടുത്ത് വീശിയ ഇടതുമുന്നണിക്ക്, സമാനരീതിയിലുള്ള ആക്ഷേപങ്ങൾക്ക് വിശദീകരണം നൽകേണ്ടി വരുന്നത് വിധി വൈപരീത്യം. സ്വർണക്കടത്ത് വിവാദത്തിന്റെ ബാക്കിപത്രവും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിലെത്തിയിരിക്കെ ,യു.ഡി.എഫിനും ബി.ജെ.പിക്കും ഒരുപോലെ 'സുവർണ്ണാ'വസരം.

'ചില അവതാരങ്ങൾ എന്റെ അടുത്തയാളെന്ന് പറഞ്ഞ് രംഗപ്രവേശം ചെയ്യും. അതും അഴിമതിയാണ്. അത്തരം അവതാരങ്ങളെ കരുതിയിരിക്കണം'- മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മുന്നറിയിപ്പാണിത്. ഭരണം അവസാനവർഷത്തിലെത്തുമ്പോൾ ,സ്വന്തം മുന്നറിയിപ്പിനെ സ്വയം കരുതിയിരിക്കുന്നതിൽ അദ്ദേഹത്തിന് പാളിച്ച പറ്റിയോയെന്ന ചോദ്യമാണുയരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിലേക്ക് നീണ്ട ആരോപണമുന പ്രതിക്കൂട്ടിലാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെത്തന്നെ.

കൊവിഡ് പ്രതിരോധത്തിൽ പ്രതിച്ഛായ വാനോളമുയർത്താൻ മുഖ്യമന്ത്രിക്കും സർക്കാരിനുമായി. ഇടയ്ക്കിടെ അതിന്റെ നിറം കെടുത്തിയ വിവാദങ്ങളിലെല്ലാം കേന്ദ്രബിന്ദു ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറും. സ്പ്രിൻക്ലർ ഇടപാട് കത്തിക്കയറിയപ്പോൾ, കരാർ തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രിക്ക് പരോക്ഷമായെങ്കിലും സൂചിപ്പിക്കേണ്ടിവന്നു. പിന്നീട് ,ബെവ്ക്യൂ ആപ്പിനെ ചൊല്ലിയുയർന്ന വിവാദത്തിലും പ്രതിക്കൂട്ടിൽ ശിവശങ്കർ .

സ്വർണക്കടത്ത് വിവാദം മുറുക്കാനാണ് യു.ഡി.എഫ് നീക്കം. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. സോളാർ കേസ് കത്തിനിൽക്കെ, സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഉയർത്തിയ ആക്ഷേപങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെയും മറ്റും ഓർമ്മിപ്പിച്ച് ഇടതുഭരണത്തെ പരിഹസിക്കുകയാണ് യു.ഡി.എഫ്. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിറുത്തി പോര് കനപ്പിക്കുമ്പോൾ, പ്രത്യക്ഷാക്രമണവുമായി ആദ്യമേ രംഗത്തെത്തിയ ബി.ജെ.പിയും വെറുതെയിരിക്കുന്നില്ല. കേരള ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്താരാഷ്ട്രമാനമുള്ള കള്ളക്കടത്തിന് ചുക്കാൻ പിടിക്കുന്നതെന്ന ആരോപണത്തെ പ്രതിരോധിക്കുക സുഖകരമാവില്ല. ഖജനാവിന് നഷ്ടമില്ലാതിരുന്ന സോളാർ ഇടപാടിൽ തന്റെ ഓഫീസിലെ മൂന്ന് പേർ ഫോൺ ചെയ്തത് മാത്രമായിരുന്നു വിഷയമെന്ന് ഓർമ്മിപ്പിച്ചുള്ള ഉമ്മൻ ചാണ്ടിയുടെ വൈകാരിക പ്രതികരണവും ഇരുതലമൂർച്ചയുള്ളത്.

എന്നാൽ, ആരോപണവിധേയർക്കെതിരെ ഉടൻ നടപടിയെടുത്ത് മാതൃക കാട്ടിയത് ഇടതുസർക്കാരാണെന്നും, സോളാർ, ബാർകോഴ വിവാദങ്ങളിൽ ആരോപണവിധേയരെ സംരക്ഷിക്കാൻ കടിച്ചുതൂങ്ങുന്നതായിരുന്നു യു.ഡി.എഫ് നിലപാടെന്നുമാണ് സി.പി.എമ്മിന്റെ മറുവാദം. സ്വർണ്ണക്കടത്ത് കേസന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ തീരുമാനിച്ചതും സി.പി.എം ഉയർത്തിക്കാട്ടും.