തിരുവനന്തപുരം: കൊവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികൾ മനസിലാക്കി എല്ലാവരും കൃഷിയിലേക്ക് കടന്നു വരണമെന്ന് മന്ത്രി വി.എസ് .സുനിൽകുമാർ പറഞ്ഞു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മാദ്ധ്യമത്തിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിർത്തികൾ അടഞ്ഞേക്കാം, പൊതു ഗതാഗതം നിലച്ചേക്കാം .പക്ഷേ ആഹാരം കൂടിയേ തീരൂ. പ്രതിസന്ധികൾ അവസരമാക്കി എല്ലാവരും ചെറു കൃഷി വീടുകളിൽ തുടങ്ങണമെന്നും മന്ത്രി വ്യക്തമാക്കി.
2016 - ൽ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 6.5 ലക്ഷം മെട്രിക് ടൺ ആയിരുന്നെങ്കിൽ 2020 ൽ 12.75 ലക്ഷം മെട്രിക് ടണ്ണിൽ എത്തിയിരിക്കുകയാണ്. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഇതര വകുപ്പുകൾ, വിവിധ കർഷക കൂട്ടായ്മകൾ, സംഘങ്ങൾ എന്നിവർ നന്നായി പ്രയത്നിച്ചു. പുരോഗതിക്ക് നാന്ദികുറിച്ച പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു .
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഭാഗമായി വീണ്ടും 70 ലക്ഷം വിത്ത് പാക്കറ്റുകളും തൈകളും വിതരണം ചെയ്യുകയാണ്. ഓണത്തിന് മാത്രമല്ല, 365 ദിവസവും നമുക്ക് വേണ്ട പച്ചക്കറികൾ സ്വന്തം വീട്ടിൽ നിന്നും ഉത്പാദിപ്പിക്കാനാകണമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ കാർഷികോത്പന്ന കമ്മിഷണർ ഇഷിത റോയ് സ്വാഗതവും, കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി നന്ദിയും പറഞ്ഞു. കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ മധു ജോർജ് മത്തായി പദ്ധതി വിശദീകരണം നടത്തി.