b

തിരുവനന്തപുരം: ''അന്ന് എന്റെ പരാതി പൊലീസ് നേരെ ചൊവ്വെ അന്വേഷിച്ച് കുറ്റക്കാരെ പ്രതി ചേർത്തിരുന്നുവെങ്കിൽ സ്വപ്ന സുരേഷ് എന്ന ഈ പ്രതി ഒരു കോൺസുലേറ്റിലും ജോലി ചെയ്യില്ലായിരുന്നു,​ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകില്ലായിരുന്നു,​ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ വീഴ്‌ത്തില്ലായിരുന്നു. ഈ നാണക്കേട് ഉണ്ടാകില്ലായിരുന്നു...''

എയർ ഇന്ത്യയിലെ ഗ്രൗണ്ട് ഹാൻ‌ഡ്‌ലിംഗ് ഓഫീസർ പട്ടം സ്വദേശിയായ എൽ.എസ്.ഷിബുവിന്റെ വാക്കുകളാണിത്. ഷിബു തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി ചെയ്യുമ്പോഴാണ് എയർ ഇന്ത്യ - സാറ്റ്സിന്റെ മാനേജരായി സ്വപ്ന സുരേഷ് എത്തുന്നത്. വിമാനത്താവളത്തിൽ നിന്ന് ഷിബുവിനെ ഒഴിവാക്കേണ്ടത് പലരുടേയും ആവശ്യമായിരുന്നു. അങ്ങനെയാണ് ഒരു വ്യാജപരാതി വലിയതുറ പൊലീസ് സ്റ്റേഷനിലെത്തുന്നത്. അതാകട്ടെ ഷിബുവിന് ഏറെ അപമാനമുണ്ടാക്കുന്നതായിന്നു. കരളുറപ്പിൽ ഭ്രാന്ത് പിടിക്കാതെ രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.

'എയ‌ർ ഇന്ത്യ സാറ്റ്സിലെ തട്ടിപ്പുകളെ കുറിച്ച് ഞാൻ സി.ബി.ഐക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. എയർഇന്ത്യ സാറ്റ്സിന്റെ വൈസ് ചെയർമാനായിരുന്ന ബിനോയ് ജേക്കബും സ്വപ്നയും എയർപോർട്ടിലെ ചില ഉന്നതരും എനിക്കെതിരെ തിരിയാൻ അത് കാരണമായി. എന്നെ പുറത്താക്കാനാണ് സ്ത്രീകളോട് മോശമായി പെരുമാറി എന്ന പരാതി നൽകുന്നത്. അതിൽ 16 പേരും എന്നെ അറിയില്ല എന്നു പൊലീസിനോട് പറഞ്ഞു.17-ാമത്തെ ആളിനു പകരം വേറൊരാളെ സ്റ്റേഷനിലെത്തിച്ചു. അതിൽ സ്വപ്നയ്ക്കു മാത്രമല്ല,​ എയർപോർട്ടിലെ ഉന്നതർക്കും പങ്കുണ്ട്. ആൾമാറാട്ടം വരെ നടത്തി എന്നെ ക്രൂശിക്കാൻ ശ്രമിച്ചപ്പോൾ എന്റെ കുടുംബം അനുഭവിച്ച വേദന വിവരിക്കാനാവില്ല. ഭ്രാന്ത് പിടിക്കാതിരിക്കാൻ പകൽ മുഴുവനും ഞാൻ കറങ്ങി നടന്നിരുന്നു. അങ്ങനെ മൂന്നരവർഷം. വ്യാജപരാതിക്കെതിരെ ബിനോയ് ജേക്കബിനും മറ്റുള്ളവർക്കും എതിരെ ഞാൻ പരാതി നൽകി. ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ആ കേസ് അട്ടിമറിച്ചപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോൾ കേസന്വേഷണം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥ‌ർ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. അവർ കുറ്റം ഏറ്രെന്നാണ് അറിഞ്ഞത്.

ഉന്നതങ്ങളിലെ സ്വാധീനം കാരണമാണ് പ്രതികൾ രക്ഷപ്പെട്ടത്. എനിക്കെതിരെ പരാതി ഉയർന്ന ശേഷം സ്വപ്ന എയർപോർട്ട് വിട്ടു. ബിനോയ് ജേക്കബ് മറ്റൊരു കമ്പനിയുടെ ആളായി ഇപ്പോഴും അവിടെയുണ്ട്. എനിക്കെതിരെ വ്യാജപരാതി ചമച്ചതിലും ആൾമാറാട്ടം നടത്തിയതിലും ഇവർ രണ്ടു പേർക്ക് മാത്രമല്ല,​ എയർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. വ്യക്തമായ അന്വേഷണം നടന്നാൽ ഇപ്പോൾ കണ്ടെത്തിയതിനെക്കാളും വലിയ സത്യങ്ങൾ തെളിയും''- ഷിബു പറഞ്ഞു.

ഇപ്പോൾ ഹൈദരാബാദിലെ എയർപോർട്ട് ഗ്രൗണ്ട് ഓഫീസറാണ് ഷിബു. തന്റെ എല്ലാ സമ്പാദ്യവും ചെലവഴിച്ചായാലും കേസിന്റെ പുറകെ പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.