തിരുവനന്തപുരം:ഏഴു വർഷമായി കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന സോളാർ കേസിനും ഇപ്പോഴത്തെ സ്വർണക്കടത്ത് കേസിനും സാമ്യമേറെയാണ്. രണ്ടിലും ആരോപണവിധേയമായത് മുഖ്യമന്ത്രിയുടെ ഓഫീസ്. ചുഴലിക്കൊടുങ്കാറ്റ് പോലെ എല്ലാം ചുഴറ്റിയടിക്കാൻ രണ്ട് വനികൾ - 'സോളാർ സരിത'യും 'സ്വർണ സ്വപ്ന'യും.
ജിക്കുമോൻ, ജോപ്പൻ തുടങ്ങിയ പേഴ്സണൽ സ്റ്റാഫംഗങ്ങളാണ് ഉമ്മൻചാണ്ടിയെ കുടുക്കിയതെങ്കിൽ വിശ്വസ്തനായ പ്രിൻസിപ്പൽസെക്രട്ടറി എം.ശിവശങ്കരനാണ് പിണറായിയെ വിവാദത്തിലാക്കിയത്.
ആഡംബര ജീവിതം, ആകർഷകമായ വസ്ത്രധാരണം, മേക്ക്അപ്പ്, ഉന്നതരുമൊത്തുള്ള പാർട്ടികൾ, ആളുകളെ വലയിലാക്കാനുള്ള സാമർത്ഥ്യം, തുടരെയുള്ള വിദേശയാത്രകൾ, വിവാഹജീവിതത്തിലെ താളപ്പിഴകൾ --- രണ്ട് വിവാദനായികമാർക്കും സാമ്യങ്ങളും ഏറെ.
എന്തൊരു കാവ്യനീതി....
@ഉമ്മൻചാണ്ടിയുടെ ചെവിയിൽ സരിത രഹസ്യം പറയുന്ന ചിത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രചാരണായുധമാക്കിയത്. യു.എ.ഇ കോൺസുലേറ്റിന്റെ ഇഫ്താർ വിരുന്നിനിടെ, പിണറായി വിജയനോട് സംസാരിക്കുന്ന സ്വപ്‌നയുടെ ചിത്രമാണ് യു.ഡി.എഫ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്.
@ഇളനീർ കുടിക്കുന്ന ചിത്രം പുറത്തുവന്നതോടെ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷണൻ വിവാദത്തിൽ കുടുങ്ങിയെങ്കിൽ, സ്വപ്‌നയുടെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്ത വീഡിയോ പുറത്തുവന്നതോടെ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണവും വിവാദത്തിലായി.
@യു.ഡി.എഫ് മന്ത്രിസഭയിലെ ഉന്നതരെല്ലാം സരിതയുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദത്തിലായി. കക്ഷിഭേദമില്ലാതെ രാഷ്ട്രീയക്കാരും ഡി.ജി.പി ലോക്‌നാഥ് ബെഹറ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്വപ്നയ്‌ക്കൊപ്പം നഷക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
@സരിതയുടെ അറസ്റ്റ് തടയാനും അവരുടെ ബിസിനസ് മെച്ചപ്പെടുത്താനും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺവിളികളുണ്ടായെന്ന് ആരോപണം. സ്വർണമടങ്ങിയ ബാഗേജ് വിട്ടുനൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിന് വിളിയെത്തിയെന്ന് ഇപ്പോൾ പ്രതിപക്ഷ ആരോപണം.
@സരിതയുടെ ഫോൺവിളിയിൽ രണ്ട് കേന്ദ്രമന്ത്രിമാർ, സംസ്ഥാനത്തെ ഏഴ് മന്ത്രിമാർ, ആറ് എം.എൽ.എമാർ, എംപിമാർ എന്നിവരെല്ലാമുണ്ടായിരുന്നു. സ്വപ്‌നയുടെ ഫോൺവിളികൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
@മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ജോപ്പന് പണം കൈമാറിയെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. സെക്രട്ടേറിയറ്റിൽ സ്വതന്ത്രവിഹാരം നടത്തിയെന്നാണ് സ്വപ്‌നയ്ക്കെതിരായ ആരോപണം.
@സരിതയുമായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതിയിൽ കേസുണ്ടായി. സ്വപ്നയുടെ കാര്യത്തിൽ സമാനമായ ആവശ്യം അന്ന് മന്ത്രിയായിരുന്ന ഷിബുബേബിജോൺ ഇന്നലെ ഉന്നയിച്ചുകഴിഞ്ഞു.
@ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിൽ ഏത് അന്വേഷണവുമാകാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
@സോളാറിൽ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും വനിതാ സംഘടനകളുമൊക്കെ തെരുവുകൾ യുദ്ധക്കളമാക്കി. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ വൻ വെല്ലുവിളിയായിരുന്നു അക്കാലം. കൊവിഡ് പ്രതിരോധത്തിലെ മികച്ച പ്രതിച്‌ഛായയ്‌ക്ക് മങ്ങലേൽപ്പിക്കുന്ന ആരോപണം പിണറായിയെയും ഇപ്പോൾ മുൾമുനയിലാക്കിയിരിക്കുകയാണ്.
വെല്ലുവിളികൾ
1)സ്വർണക്കടത്ത് കേസ് കേന്ദ്രഏജൻസികൾ ഏറ്റെടുത്താൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളാം.
2)സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ ചോദ്യംചെയ്യാൻ വിളിച്ചാൽ പോലും സർക്കാരിന് ക്ഷീണമാവും
3)കള്ളക്കടത്ത് സാമ്പത്തിക തീവ്രവാദമായതിനാൽ കേസ് ദേശീയഅന്വേഷണ ഏജൻസി ഏറ്റെടുത്താൽ ഗൗരവമേറും
4)ക്രിമിനൽ ബന്ധമുണ്ടെന്ന പൊലീസ്, ഇന്റലിജൻസ് റിപ്പോർട്ടുകൾ തള്ളി സ്വപ്‌നയ്ക്ക് ഉന്നതനിയമനം നൽകിയതും കുരുക്കാവും.
സെക്രട്ടേറിയറ്റ് അടയ്ക്കലിലും യാദൃശ്ചികത
സോളാർകേസിൽ ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തിയപ്പോൾ രണ്ടുദിവസം സെക്രട്ടേറിയറ്റ് അടച്ചിട്ടിരുന്നു. മന്ത്രിമാർക്കും അത്യാവശ്യജീവനക്കാർക്കുമായി കന്റോൺമെന്റ് ഗേറ്റിലൂടെ സുരക്ഷാപാതയൊരുക്കി. കൊവിഡ് വ്യാപനം കാരണം ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഒരാഴ്ചത്തേക്ക് സെക്രട്ടേറിയറ്റ് അടച്ചിട്ടിരിക്കുമ്പോഴാണ് ഇപ്പോഴത്തെ വിവാദമെന്നത് യാദൃശ്ചികം.