തിരുവനന്തപുരം: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണമുയരുന്നതെന്നും അതിനാൽ കൊഫെപോസാ പ്രകാരം കേസെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൊവിഡിന്റെ പേരുപറഞ്ഞ് പൊതുസമൂഹത്തിന്റെ വായടയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കരുത്. മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് കേസിൽപ്പെട്ട സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പിൽ ഉന്നത പദവിയിൽ നിയമിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ആരോപണത്തിന്റെ കേന്ദ്രബിന്ദു ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കർ ആണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും ഇടപെടലുകളെ കുറിച്ച് സമഗ്രവും നീതിപൂർവവുമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബൂത്ത് തലത്തിൽ ഇന്ന് പ്രതിഷേധ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.