triple-lockdown

തിരുവനന്തപുരം:ട്രിപ്പിൾ ലോക്ക് ഡൗണിന്റെ രണ്ടാം ദിവസവും തലസ്ഥാന നഗരം നിശ്ചലമായി. അതേസമയം,​പൊതുജനങ്ങളുടെ പരാതികൾക്കും കുറവുണ്ടായില്ല. രാവിലെ 7 മുതൽ 11 വരെ അവശ്യ സാധനങ്ങൾ വാങ്ങാൻ ജില്ലാഭരണകൂടം അനുമതി നൽകിയതിനെ തുടർന്ന് കടകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പ്രധാന വ്യാപാര കേന്ദ്രമായ ചാലയിലും തിരക്ക് കൂടിയിരുന്നു. മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ട്രിപ്പിൾ ലോക്ക് ‌ഡൗൺ പ്രഖ്യാപിച്ചതിനാൽ വീട്ടുസാധനങ്ങൾ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ജനം കൂട്ടത്തോടെ കടകളിലേക്ക് ഇന്നലെ എത്തുകയായിരുന്നു. തിരക്ക് വർദ്ധിച്ചതോടെ പലയിടത്തും പൊലീസിന് ഇടപെടേണ്ടിവന്നു.

ഏറ്റവും അടുത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങാനായിരുന്നു പൊലീസും ജില്ലാഭരണകൂടവും നിർദ്ദേശിച്ചിരുന്നതെങ്കിലും തിരക്ക് കടുത്തതോടെ ജനങ്ങൾ വാഹനങ്ങളിൽ ദൂരെയുള്ള കടകളെ ആശ്രയിക്കുന്ന സ്ഥിതിയുമുണ്ടായി. ഇത് റോഡുകളിൽ പരിശോധന നടത്തുകയായിരുന്ന പൊലീസുകാർക്ക് തലവേദനയുമായി. അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നെങ്കിലും അത് നടപ്പായില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാവർക്കും സാധനങ്ങൾ വാങ്ങാനും കഴിഞ്ഞില്ല. അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.


 ഇളവുകൾ ദുരുപയോഗം ചെയ്തു

പൊതുഗതാഗത സംവിധാനം ഇല്ലായിരുന്നെങ്കിലും നഗരത്തിൽ അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്യാൻ ഒരു വിഭാഗം ശ്രമിച്ചത് പൊലീസിന് ഇരട്ടി പണിയായി. സാധനങ്ങൾ വാങ്ങാനെന്ന പേരിൽ നിരവധി പേർ വാഹനങ്ങളുമായി നിരത്തിലിറങ്ങി. ഇരുചക്രവാഹന യാത്രക്കാരായിരുന്നു ഭൂരിഭാഗവും. പുറത്തിറങ്ങുന്നവർ ആവശ്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം കൈയിൽ കരുതണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നിട്ടും പലരുടെയും കൈകളിൽ സത്യവാങ്മൂലം ഇല്ലായിരുന്നു. പരമാവധി പേരെയും പൊലീസ് പിന്തിരിപ്പിച്ച് തിരിച്ചയച്ചു. നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലായിരുന്നു പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മറ്റിടങ്ങളിൽ കാര്യമായ പരിശോധന ഇല്ലായിരുന്നു. മെഡിക്കൽ കോളേജ് ഭാഗത്താണ് കൂടുതൽ പേർ റോഡിലിറങ്ങിയത്. ഇവിടെ നിരത്തിലിറങ്ങിയവർ ആശുപത്രിയിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് പൊലീസിനെ വെട്ടിച്ചത്.

 കുടുംബശ്രീ ഭക്ഷണം നൽകിയത് 211 പേർക്ക്

നഗരത്തിൽ ഒറ്റപ്പെട്ടുപോയവർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടലിൽ നിന്ന് ഇന്നലെ ആയിരത്തോളം ഊണ് വിറ്റുപോയി. കോൾ സെന്ററിൽ വിളിച്ച് ബുക്ക് ചെയ്ത 211 പേർക്കാണ് ഭക്ഷണം എത്തിച്ചത്. ബാക്കിയുള്ളവർ നേരിട്ട് കടകളിലെത്തി ഭക്ഷണം വാങ്ങുകയായിരുന്നു. രാവിലെ 8 വരെയായിരുന്നു ബുക്കിംഗ് സമയം. പലരും ഈ സമയം കഴിഞ്ഞാണ് പത്രങ്ങളിലൂടെയും മറ്റും ഈ സംവിധാനത്തെക്കുറിച്ച് അറിഞ്ഞത്. 10 ഹോട്ടലുകളാണ് നഗരത്തിൽ തുറന്നത്. ബുക്കിംഗിനു സാധിക്കാതെ നേരിട്ടെത്തിയവർക്കും ഭക്ഷണം നൽകാനായെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ കെ.ആർ.ഷൈജു പറഞ്ഞു.

 റേഷൻ കടകൾ രാവിലെ 7 മുതൽ 11 വരെ

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള കോർപറേഷനു കീഴിലുള്ള പ്രദേശങ്ങളിലെ റേഷൻ കടകൾ രാവിലെ 7 മുതൽ 11 വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂവെന്ന് കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. റേഷൻ വാങ്ങാനെത്തുന്നവരും കടയുടമയും മാസ്ക് ധരിക്കണം. പരമാവധി ഏറ്റവും അടുത്തുള്ള കടയിൽ നിന്ന് റേഷൻ വാങ്ങണം.