coronavirus

കിളിമാനൂർ: നഗരൂർ സ്വദേശിയായ തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നഗരൂർ മേഖല ഭീതിയിലാണ്. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടതായി കരുതുന്ന 47 പേരെ കഴിഞ്ഞ ദിവസം സ്രവം ശേഖരിക്കാനായി വിളിപ്പിച്ചിരുന്നെങ്കിലും 41 പേർ മാത്രമേ എത്തിയിട്ടുള്ളൂവെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഇതിൽ പൊലീസുകാരന്റെ ഭാര്യയും രണ്ടു മക്കളും പരിശോധനയ്ക്ക് നേരിട്ട് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ പോയതായി അറിയുന്നു. അതേസമയം, ഇദ്ദേഹവുമായി നേരിട്ടു ബന്ധപ്പെട്ട കൊല്ലം സ്വദേശിയെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. പൊലീസുകാരനുമായി ബന്ധമുള്ള ആറ്റിങ്ങൽ സ്വദേശി വലിയകുന്ന് ആശുപത്രിയുമായും കിളിമാനൂർ പുളിമാത്ത് സ്വദേശിയായ വ്യക്തി മറ്റൊരു ആശുപത്രിയുമായും ബന്ധപ്പെട്ടെന്ന് വിവരമുണ്ട്. കഴിഞ്ഞ ദിവസം നഗരൂർ ചെമ്മരത്തുമുക്ക് ശ്രീ സരസ്വതി വിദ്യാനികേതൻ സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 11ന് തുടങ്ങിയ സ്രവം എടുപ്പ് വൈകിട്ട് 5വരെ തുടർന്നു. ഇതിന്റെ ഫലം വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ മൂന്നിനാണ് നഗരൂർ സ്വദേശിയായ പൊലീസുകാരന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂൺ 27 ന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തിന് 30 ന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ജൂൺ 28 ന് നഗരൂർ രാലൂർക്കാവിൽ ഒരുവീട്ടിലെ മരണാനന്തര ചടങ്ങുകളിൽ ഇയാൾ പങ്കെടുക്കുകയും ചടങ്ങിന് മുഖ്യകാർമികത്വം വഹിക്കുകയും ചെയ്തത്രേ. ഇവിടെയെത്തിയവരുമായാണ് നേരിട്ട് ബന്ധപ്പെട്ടത്. കൂടാതെ രാലൂർക്കാവ് ക്ഷേത്ര പൂജാരിയുമായി ആറ്റിങ്ങലിൽ പൂജാസാധനങ്ങൾ വാങ്ങാൻ പോയതായും അറിയുന്നു. ഇതോടെ ഇദ്ദേഹവുമായി ബന്ധപ്പെട്ടരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.