1

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ദുരൂഹമാണ്. സി.ബി.ഐ അന്വേഷണം കൊണ്ടുമാത്രമെ വസ്തുതകൾ പുറത്തുവരൂ.രാജ്യാന്തര ബന്ധമുള്ള കേസിൽ രഹസ്യങ്ങൾ പുറത്ത് വരാനുണ്ട്. പ്രതികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി,​ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി ശരിവച്ചിരിക്കുകയാണ്. സെക്രട്ടറിയോ പ്രൈവറ്റ് സെക്രട്ടറിയോ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കോ വകുപ്പ് മന്ത്രിക്കോ ആണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തൊലിപ്പുറത്തുള്ള ചികിത്സ നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി കരുതരുതെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.