തിരുവനന്തപുരം: 'പഴയത് പലതും ഓർമ്മയിൽ വല്ലാതെ വരുന്നുണ്ടാവും.. അതിന് ഇപ്പോൾ ഇരിക്കുന്നവരെ കണ്ടിട്ട് കളിക്കേണ്ടെന്ന് മാത്രമേ പറയാനുള്ളൂ'- സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ സോളാർ കേസുമായി താരതമ്യം ചെയ്തുള്ള ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി.
കളങ്കപ്പെടുത്താൻ വലിയ ശ്രമമുണ്ടാകുന്നു. സോളാറിന്റെ കാലം ചിലർ വരച്ചുകാട്ടിയല്ലോ. അതേക്കുറിച്ച് മുഴുവനായി പരിശോധിക്കാൻ പുറപ്പെടണോ. ദുർഗന്ധം വമിക്കുന്ന ചെളിയിൽ മുങ്ങിയിരിക്കുന്നവർക്ക് അതുപോലെ മറ്റുള്ളവരുമാകണമെന്ന് ആഗ്രഹമുണ്ടാവും. തൽക്കാലം ആ അത്യാഗ്രഹം സാധിച്ചുതരാനാവില്ല. ഞങ്ങൾ അത്തരം കളരിയിലല്ല പഠിച്ചുവന്നത്.
ഇടതുമുന്നണി സർക്കാരിന് അതിന്റേതായ സംസ്കാരമുണ്ട്. അത് യു.ഡി.എഫിന്റെ വഴിയല്ല.. ഇപ്പോൾ ഉയർന്നുവന്ന കാര്യങ്ങളിൽ സർക്കാരിന് ഒരുത്തരവാദിത്വവുമില്ല. സ്വർണ്ണക്കടത്ത് അതിവിദഗ്ദ്ധമായി കസ്റ്റംസ് കണ്ടെത്തിയെന്നതും, ഇനിയും പിന്നിലുള്ളവരെ കണ്ടെത്തണമെന്നതും ശരിയാണ്. ഇത്തരത്തിലുള്ള ഏതെങ്കിലുമാളുകളെ സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് നാല് വർഷത്തെ പ്രവർത്തനാനുഭവം നോക്കിയാൽ ആർക്കും പറയാനാവില്ല. ഒരു കുറ്റവാളിയെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനില്ല. കസ്റ്റംസിന് മുഴുവൻ സഹായവും ലഭ്യമാക്കാൻ സന്നദ്ധമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി ഒരു മാന്യദേഹം പറഞ്ഞത് മാദ്ധ്യമങ്ങളുന്നയിച്ചു. ഏതുതരത്തിൽ ആളുകളെ വികൃതമായി ചിത്രീകരിക്കാമെന്ന് ചിന്തിക്കുന്നവർ മാദ്ധ്യമരംഗത്തുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കിൽ ഇരിക്കട്ടെയെന്നാണ് നിലപാട്. . ഇതൊന്നും എനിക്ക് പരിചയമില്ലാത്തതല്ല . ഇതിനേക്കാളപ്പുറമുള്ള പലതും നമ്മൾ കണ്ടിട്ടുണ്ടല്ലോ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാരും വിളിച്ചില്ലെന്ന് കസ്റ്റംസ് തന്നെ പറഞ്ഞതോടെ കെട്ടുകഥകളെല്ലാം പൊളിഞ്ഞില്ലേ. നുണക്കഥകൾക്ക് വളരെ ചെറിയ ആയുസ്സേയുണ്ടാവൂ. പെട്ടെന്നാണെല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുക.
വിവാദത്തിനിരയായ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആക്ഷേപമുയർന്നപ്പോൾ ,സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കി. അതിനർത്ഥം ശിവശങ്കറിനെതിരെ നിയമപരമായി എന്തെങ്കിലും ആരോപണമുയർന്നുവെന്നല്ല. പൊതുസമൂഹത്തിൽ ഈ വനിതയുമായി ബന്ധപ്പെടുത്തി ഒട്ടേറെ പരാമർശങ്ങളുയർന്നപ്പോൾ അത്തരമൊരു വ്യക്തി ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്നത് ശരിയല്ലെന്ന നിലപാടെടുത്തു. യു.ഡി.എഫിന് ഇത്തരമൊന്ന് ചിന്തിക്കാനാവുമോ?
വ്യാജ വാർത്തയ്ക്കെതിരെ
നിയമനടപടി
തിരഞ്ഞെടുപ്പിന് മാസങ്ങൾ അടുത്തടുത്ത് വരുമ്പോൾ പുകമറയുയർത്തി സർക്കാരിനെ തളർത്തിക്കളയാമെന്നാണ് ഉദ്ദേശ്യമെങ്കിൽ നടക്കില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ. ഇഫ്താർ പാർട്ടിയിൽ യു.എ.ഇ കോൺസലേറ്റിന്റെ പ്രതിനിധിയായി ഈ വനിത പങ്കെടുത്ത ദൃശ്യത്തെ, മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്നതാക്കി ചിത്രീകരിച്ച വ്യാജവാർത്തയ്ക്കെതിരെ നിയമനടപടിയുണ്ടാവും. മുഖ്യമന്ത്രിയോട് യുവതി സ്വകാര്യം പറയുന്നുവെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷനേതാവിനെയും ബി.ജെ.പി അദ്ധ്യക്ഷനെയും എന്താണ് ചെയ്യുക? അവരുടെ മാനസികാവസ്ഥയാണ് എല്ലാവർക്കുമെന്നാണോ?- മുഖ്യമന്ത്രി ചോദിച്ചു.
സ്വർണക്കടത്ത് കേസ്: ഏതന്വേഷണത്തിനും സമ്മതം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രം തീരുമാനിക്കുന്ന ഏതന്വേഷണത്തിനും പൂർണ്ണസമ്മതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിമാനത്താവളങ്ങളിലെ കാര്യങ്ങൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്. കുറ്റവാളികളെ കണ്ടെത്തുകയും കുറ്റകൃത്യങ്ങളുടെ വേരറുക്കുകയും ചെയ്യുകയാണ് പ്രധാനം.
വിമാനത്താവളങ്ങളിലെ സംവിധാനങ്ങളെല്ലാം കേന്ദ്രസർക്കാർ ഒരുക്കിയതാണ്. അപാകതയുണ്ടായാൽ ഇടപെടാനും അവിടെ സംവിധാനങ്ങളുണ്ട്. അതിൽ സംസ്ഥാനസർക്കാരിന് ഒന്നും ചെയ്യാനാവില്ല. കള്ളക്കടത്ത് തടയുന്നതിനാണ് കേന്ദ്രം കസ്റ്റംസിനെ വിന്യസിച്ചിരിക്കുന്നത്. അവരുടെ പ്രവർത്തനങ്ങളെയും പരാജയപ്പെടുത്തി ചില ഘട്ടങ്ങളിൽ കള്ളക്കടത്ത് നടക്കുന്നു. ഈ കള്ളക്കടത്ത് സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുന്നതെങ്ങനെ?
പാഴ്സലിലെ അഡ്രസ് യു.എ.ഇ കോൺസലേറ്റിന്റേതാണ്. അത് വാങ്ങാൻ ആളെത്തിയത് കോൺസലേറ്റിന്റെ അധികാരപത്രമുപയോഗിച്ച് കാര്യങ്ങൾ നടത്തിയെടുക്കാനാണ്. ഈ വീഴ്ചയ്ക്ക് സംസ്ഥാനസർക്കാരിന് എങ്ങനെ മറുപടി പറയാനാകും?
വിവാദ വനിത എയർ ഇന്ത്യയിലും യു.എ.ഇ കോൺസലേറ്റിലും ആരുടെ ശുപാർശപ്രകാരമാണ് എത്തിയത് എന്നതിലെല്ലാം വ്യക്തത വരട്ടെ. കോൺസലേറ്റിന്റെ ഭാഗമായി അവർ പ്രവർത്തിക്കുമ്പോൾ കോൺസലേറ്റ് ജനറലിനൊപ്പം ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടാവും. അതിന് സർക്കാർ എങ്ങനെ ഉത്തരവാദിയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.