തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ കലഹം പതിവാകുന്നു. പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ജില്ലാഭരണകൂടം, ആരോഗ്യവകുപ്പ്, നഗരസഭ എന്നിവിടങ്ങളിലെ ജീവനക്കാർ തമ്മിലാണ് ആഭ്യന്തരകലഹം. ആരോഗ്യവകുപ്പ് വിവരങ്ങൾ കൃത്യമായി കൈമാറുന്നില്ലെന്നാണ് പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലയോഗങ്ങളിലും ഇക്കാര്യം ഉയർന്നുവന്നതിന്റെ പശ്ചാത്തലത്തിൽ കൂട്ടായ പ്രവർത്തനം വേണമെന്ന് മന്ത്രി നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. ജില്ലാ ആരോഗ്യവകുപ്പിനാണ് ഓരോദിവസവും കൊവിഡ് രോഗികളുടെ കൃത്യമായ വിവരം ലഭിക്കുന്നത്. ജില്ലാ സർവൈലൻസ് ഓഫീസറാണ് ഇക്കാര്യം ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും കൈമാറേണ്ടത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അവസാനിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ജില്ലാ സർവൈലെൻസ് ഓഫീസർ ജില്ലാഭരണകൂടത്തിന് നൽകണം. എന്നാൽ മാത്രമേ മാദ്ധ്യമങ്ങൾക്ക് യഥാസമയം വിവരം കൈമാറാനാകൂ. ജില്ലാഭരണകൂടത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സജ്ജമായിരുന്നാലും ഏറെ വൈകിയാണ് വിവരം നൽകുന്നത്. അതേസമയം നഗരസഭയ്ക്ക് വിവരം കൈമാറാൻ ആരോഗ്യവകുപ്പ് ഇനിയും തയ്യാറായിട്ടില്ല. നഗരസഭയുടെ മേൽനോട്ടത്തിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലുള്ളവരെ പരിശോധിച്ചാൽ പോലും ഫലം അറിയിക്കാറില്ല. രാത്രി ഏറെ വൈകി മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓരോ സ്ഥലത്തെയും കൗൺസിലർമാരെ ബന്ധപ്പെട്ടാണ് നഗരസഭാ ആരോഗ്യവിഭാഗം വിവരം ശേഖരിക്കുന്നത്. തുടർന്നാണ് അവിടെയെത്തി അണുനശീകരണം നടത്തുന്നത്. വിവരം യഥാസമയം ലഭിക്കാത്തതിനാൽ അണുനശീകരണം എവിടെയൊക്കെ നടത്തണമെന്നതിലും വ്യക്തത ലഭിക്കാറില്ല. ട്രിപ്പിൾ ലോക്ക് ഡൗണിലൂടെ കടന്നുപോകുന്നതിനാൽ കൃത്യമായി വിവരം ലഭിച്ചില്ലെങ്കിൽ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് നഗരസഭയിലെ ഉദ്യോഗസ്ഥരുടെ നിലപാട്.