# കേസിൽ ഏതന്വേഷണവും
കേന്ദ്രത്തിന് നിശ്ചയിക്കാം
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഏതന്വേഷണവും സ്വീകാര്യമാണെന്നും വിവാദ വനിതയ്ക്ക് തന്റെ ഓഫീസുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഐ.ടി വകുപ്പുമായും നേരിട്ട് ബന്ധമില്ല. വികൃതമായി കാര്യങ്ങൾ ചിത്രീകരിക്കാനാണ് ശ്രമം.
ഐ.ടി വകുപ്പിന് നിരവധി പ്രോജക്ടുകളുണ്ട്. ഈ വനിതയ്ക്ക് സ്പേസ് സെല്ലിംഗ് അഥവാ മാർക്കറ്റിംഗ് ചുമതലയെന്നാണ് പറയുന്നത്.അത് കരാറടിസ്ഥാനത്തിലാണ്. ജോലിക്കെടുത്തത് പ്ലേസ്‌മെന്റ് ഏജൻസി വഴിയാണ്. പല പ്രോജക്ടുകളിലും ഇത്തരത്തിൽ ജോലിക്കെടുക്കാറുണ്ട്. സർക്കാരിന് റോളില്ല. അവരുടെ പ്രവൃത്തി പരിചയം യു.എ.ഇ കോൺസലേറ്റിലും എയർഇന്ത്യാ സാറ്റിലുമാണ്. ഇവ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളല്ല.
കോൺസലേറ്റ് സംഘടിപ്പിച്ച ചടങ്ങുകളിൽ വനിത മുൻപന്തിയിൽ ഉണ്ടായിട്ടുണ്ട്. അതുമായി സർക്കാരിന് ബന്ധമില്ല.സർക്കാർ ഏജൻസിക്കായി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല.
ഇവരുടെ മുൻകാല ജോലിയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കാമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.