തിരുവനന്തപുരം : തലസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കുന്നത് സമ്പക്കത്തിലൂടെയുള്ള രോഗവ്യാപനതോതിനെ ആശ്രയിച്ചിരിക്കും. വരുംദിവസങ്ങളിൽ ഇത്തരത്തിൽ രോഗവ്യാപനം വർദ്ധിച്ചാൽ തത്‌സ്ഥിതി തുടരും. തലസ്ഥാനത്ത് സമ്പക്കത്തിലൂടെയുള്ള വ്യാപനത്തിന്റെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത 42 കേസുകൾ. രണ്ടര മുതൽ 36 വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇതിൽ 37 എണ്ണം നിലവിൽ കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുന്ന പൂന്തുറ, വള്ളക്കടവ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് രോഗികളെ കണ്ടെത്താൻ കഴിയുന്നത് ആശ്വാസകരമാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നാണ് കേസുകൾ കൂടുതൽ ഉണ്ടാകുന്നതെങ്കിൽ ലോക്ക് ഡൗൺ പിൻവലിച്ചുകൊണ്ട് സോണുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തും. പൂന്തുറ മാർക്കറ്റും പരിസരവും കേന്ദ്രീകരിച്ചുണ്ടായ രോഗവ്യാപനം നഗരത്തിന് പുറത്തേക്ക് എത്താതെ തടയാനാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ ഇന്നലെ കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുന്ന പ്രദേശങ്ങൾക്ക് പുറത്ത് രോഗവ്യാപനം റിപ്പോർട്ട് ചെയ്തത് ഈഘട്ടത്തിൽ ഏറെ ആശങ്കാജനകമാണ്. ആര്യനാട് ബേക്കറി നടത്തുന്നയാൾക്കും കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർക്കും രോഗം പകർന്നത് പുതിയ വെല്ലുവിളിയാണ്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു രോഗവ്യാപനം ആര്യനാട് കേന്ദ്രീകരിച്ചുണ്ടായതെന്നുള്ള അന്വേഷണം ആരംഭിച്ചു. ആരോഗ്യപ്രവർത്തകരും ഇവിടെ രോഗബാധിതരായിട്ടുണ്ട്. നഗരത്തിന് പുറത്തേക്കുള്ള രോഗവ്യാപനം ജില്ലയെ ഒന്നാകെ നിശ്ചലമാക്കാൻ ഇടയാക്കും. നഗരത്തിലെ സ്ഥിതിഗതികൾ അഞ്ചുദിവസം നിരീക്ഷിച്ച ശേഷമാകും തുടർനടപടികൾ. ഞായറാഴ്ചയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ അവസാനിക്കുന്നത്.