തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷുമായുള്ള സൗഹൃദം അറസ്റ്റിലായ സരിത്തിന്റെ കുടുംബജീവിതം തകർത്തെന്ന് ബന്ധുക്കൾ.
പാച്ചല്ലൂർ തിരുവല്ലം റോഡിനു സമീപം താമസിക്കുന്ന സരിത്തിന് ബന്ധുക്കളുടെ ശുപാർശ പ്രകാരമാണ് യു.എ.ഇ കോൺസലേറ്റിൽ ജോലി ലഭിച്ചത്. അതിനുമുമ്പേ, കുമാരപുരം സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. സരിത്തിന്റെ പിതാവിന്റെ സുഹൃത്തിന്റെ മകളായിരുന്നു വധു. ഇവർക്ക് ഒരു കുഞ്ഞും ഉണ്ട്. കോൺസലേറ്റിൽ വച്ച് സ്വപ്നയുമായി അടുത്തതോടെ സരിത്തിന്റെ കുടുംബജീവിതത്തിന്റെ താളം തെറ്റി. കുടുംബ സുഹൃത്തുക്കൾ ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് സരിത്തും സ്വപ്നയും വിവാഹിതരാകാൻ തീരുമാനിച്ചതായും അഭ്യൂഹം പരന്നു. ഇതു സൂചിപ്പിക്കുന്ന ഒരു ചടങ്ങിന്റെ വീഡിയോയും ഫോട്ടോയും ചിലർ പുറത്തുവിടുകയും ചെയ്തു. അത് ചെയ്തത് കോൺസലേറ്റിലെ ഒരു ഡ്രൈവറാണെന്ന സംശയത്തിൽ സ്വപ്ന അയാളെ അവിടെ നിന്നു പുറത്താക്കി. ഡ്രൈവറുടെ തിരിച്ചെടുപ്പിക്കാൻ ശ്രമിച്ചവരെ, 'നിങ്ങൾക്കെന്റെ പവർ അറിഞ്ഞൂ കൂടാ... ' എന്നു പറഞ്ഞ് സ്വപ്ന വിരട്ടിയത്രേ.
ഒന്നര വർഷം മുമ്പ് സ്വപ്നയും തുടർന്ന് സരിത്തും കോൺസലേറ്റ് വിട്ടു.