swapna

തിരുവനന്തപുരം: ഉന്നതരുമായുള്ള സ്വാധീനം എല്ലായിടത്തും ദുരുപയോഗം ചെയ്തു വിലസുകയായിരുന്നു സ്വപ്‌ന. കോൺസലാർ ജനറലിന്റെ എക്സിക്യുട്ടീവ് സെക്രട്ടറി എന്ന നിലയിൽ യു.എ.ഇ കോൺസലേറ്റിലെ അധികാരകേന്ദ്രം സ്വപ്നയായിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസുകളിൽ നിത്യസന്ദർശകയായിരുന്നു. മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തിൽപോലും കോൺസലേ​റ്റ് പ്രതിനിധിയെപ്പോലെ പങ്കെടുത്തു. നയതന്ത്റ അഭിപ്രായങ്ങൾ പറഞ്ഞു. ഡിപ്ലോമാറ്റ് (നയതന്ത്ര പ്രതിനിധി)​ എന്നു കരുതിയെന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ ഇന്നലെ പറഞ്ഞത്. യഥാർത്ഥത്തിൽ യു.എ.ഇ പൗരന് മാത്രമേ നയതന്ത്ര പ്രതിനിധിയാകാൻ കഴിയൂ.

മണക്കാട്ടെ കോൺസലേറ്റിലേക്ക് ഡ്യൂട്ടിക്കെത്തുമ്പോൾ ഗേറ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർ സല്യൂട്ട് ചെയ്തില്ല. അവരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് കോൺസലേറ്റിൽ നിന്ന് സിറ്റി പൊലീസ് കമ്മിഷണ‌ർ ഓഫീസിൽ ശുപാർശയെത്തി. കോൺസലേറ്റ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്നായിരുന്നു ആക്ഷേപം. ഇതേത്തുടർന്ന് പൊലീസുകാരെ മാറ്റി. ആറുമാസം മുമ്പ് കോൺസലേ​റ്റിലെ ജോലി ഇല്ലാതായെങ്കിലും ഇക്കാര്യം മറച്ചുവച്ചാണ് സ്വപ്ന അധികാര കേന്ദ്രങ്ങളിൽ നിത്യസന്ദർശകയായത്.

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി നൽകിയ കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ അവരും അറിഞ്ഞു സ്വപ്നയുടെ പവർ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ട് വൈകിപ്പിക്കുന്നതെന്തെന്ന് ചോദിച്ച് കയർത്തു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ എസ്. എം.എസ് സന്ദേശം ഐ.ജിക്ക് എത്തി. ഐ.ജി സന്ദേശം ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥന് കൈമാറി. ഉടനടി സ്വപ്നയെ വിട്ടയച്ചു. പിന്നീട് വിശദമായ അന്വേഷണം നടത്തിയാണ് തട്ടിപ്പുകേസിൽ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇത് തടയാൻ ഉന്നതന് കഴിഞ്ഞില്ല.