തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ ആരോപണം ഉയർന്നതിനെ തുടർന്ന് ഐ.ടി വകുപ്പിൽ നിന്നു പുറത്താക്കിയ സ്വപ്‌ന സുരേഷ് എയർഇന്ത്യ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കാൻ ആൾമാറാട്ടം നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഈ റിപ്പോർട്ട് നിലനിൽക്കെയാണ് ഐ.ടി വകുപ്പിൽ സ്വപ്‌ന സുരേഷിന് ജോലി നൽകിയത്. എയർഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ 17 പെൺകുട്ടികളുടെ പേരിൽ എയർപോർട്ട് ഡയറക്ടർക്ക് പരാതി തപാലിൽ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബു നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. തുടർന്നുള്ള അന്വേഷണത്തിൽ സിബുവിനെതിരെയുള്ള പരാതി വ്യാജമാണെന്നും സ്വപ്‌ന സുരേഷാണ് രണ്ടാംപേരുകാരിയായി വേറൊരു പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിൽ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്‌തപ്പോൾ രണ്ടു മാസം മുമ്പാണ് സാറ്റ്സിൽ ജോലിയിൽ പ്രവേശിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന തന്നെക്കൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേർന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായും മൊഴി നൽകി. 17 പെൺകുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്‌തത് സ്വപ്‌ന സുരേഷ് ആണെന്ന അനുമാനത്തിൽ ക്രൈംബ്രാഞ്ച് എത്തിയെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല.