വെഞ്ഞാറമൂട്: ബസ് സർവീസ് നിറുത്തലാക്കിയതോടെ ബുദ്ധിമുട്ടിലാക്കിയിരുക്കുകയാണ് വെഞ്ഞാറമൂട് തലയിൽകുന്നിലെ പ്രദേശവാസികൾ. വെഞ്ഞാറമൂട് ടൗണിൽ നിന്ന് 8 കിലോമീറ്റർ ദൂരം ഇവിടേക്ക് ഉണ്ട്. ഈ പ്രദേശത്തുകൂടി മുൻപ് ഉണ്ടായിരുന്ന ബസ് സർവീസുകളാണ് നിറുത്തലാക്കിയിരിക്കുന്നത്.
മലയോര മേഖലയായ തലയിൽകുന്നിൽ നിന്നും വെഞ്ഞാറമൂട് വെമ്പായം ഭാഗത്തേക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോകുന്നവരും. കൊവിഡ് രോഗഭീതിക്കിടയിലും പട്ടിണി മാറ്റാൻ കൂലിപ്പണിക്ക് പോകുന്നവരുടെയും ഏക ആശ്രയമായിരുന്നു കെ.എസ്.ആർ.ടി.സി ബസുകൾ. കൊവിഡ് രോഗത്തെതുടർന്ന് ബസ് റൂട്ടുകൾ നിറുത്തലാക്കിയപ്പോൾ ഇവിടുത്തെ സാധാരണക്കാരുടെ ജീവിതവും ദുരിതത്തിലായി. വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും ബസ് സർവീസുകൾ പുനരാരംഭിച്ചെങ്കിലും തലയിൽകുന്നിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചിട്ടില്ല. രോഗികളും വൃദ്ധ ജനങ്ങളും കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചേരണമെങ്കിൽ അമിത കൂലി കൊടുത്ത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അതിന് കഴിയാത്തവർ കിലോമീറ്ററുകൾ കാൽനടയായി യാത്രചെയ്ത് സർക്കാർ ആശുപത്രിയിൽ എത്തിച്ചേരേണ്ട ഗതികേടിലാണ്.
സാമ്പത്തിക ബുദ്ധിമുട്ട് ഏറെ രൂക്ഷമായിരിക്കുന്ന ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് തലയിൽകുന്ന് നിവാസികൾ ആവശ്യപ്പെടുന്നു.