കണ്ണും കരളും പംക്തി
............................
ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെയൊക്ക വരുമെന്ന് എന്ന് പറയാറില്ലേ. സ്വപ്നങ്ങൾക്കപ്പുറത്ത് കാര്യങ്ങൾ വന്ന് ഭവിക്കുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണിത്. ആരപ്പാ ഈ ഉപമ കണ്ടെത്തിയത്. ആരെങ്കിലുമൊരാൾ കാണുമല്ലോ. എന്നോ എപ്പോഴോ ആ മഹാൻ കണ്ടെത്തിയ ഈ പ്രയോഗത്തിന് സ്വർണത്തിളക്കമാണ്. ഒരിക്കലും അതിന്റെ മാറ്റ് കുറയില്ല. സ്വപ്നം കാണാത്തവരായി ആരും കാണില്ല. എന്തൊക്കെ സ്വപ്നങ്ങളാണ് ഉറക്കം സമ്മാനിച്ചിട്ടുള്ളത്. സ്വപ്നമില്ലായിരുന്നെങ്കിൽ ജീവിതം എന്താകുമായിരുന്നു. യഥാർത്ഥ ജീവിതത്തിൽ കിട്ടാത്തത് സ്വപ്നത്തിലെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന് സമാധാനിച്ചവർ എത്രയാണ്. നീ എന്താ സ്വപ്നം കാണുകയാണോ. ഒറ്റയ്ക്കിരുന്ന് ചിന്തിക്കുന്നവരെ നോക്കി അങ്ങനെ ചോദിക്കാറില്ലേ. അതാണ് സ്വപ്നത്തിന്റെ പകിട്ട്.
ഈ സ്വപ്നം എവിടെ നിന്ന് വരുന്നു, എങ്ങനെ വരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ നമ്മേ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുക എന്ന് വച്ചാൽ അമ്പോ അപാരം തന്നെ. സ്വപ്നതുല്യമായ ജീവിതം എന്ന് കേട്ടിട്ടില്ലേ. ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലേക്ക് സ്വപ്നങ്ങൾ പറന്നുപോകുന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണത്. ഉപബോധമനസിൽ ഉണ്ടാകുന്നതാണ് സ്വപ്നമെന്ന് പറയാറുണ്ട്. പക്ഷേ ഒരു കാര്യം സ്വപ്നം കണ്ടത് അടുത്ത പുലരിയിൽ നമ്മേ വള്ളിപുള്ളിയില്ലാതെ ഓർമ്മപ്പെടുത്തുന്നു. ചിലത് ഓർമ്മിക്കാനാവാതെ മാഞ്ഞുപാേകുന്നു.
ലോട്ടറി അടിച്ചു എന്ന് സ്വപ്നം കാണുന്നവർ തൊട്ടടുത്ത ദിവസം പാേയി ലോട്ടറി ടിക്കറ്റുമെടുത്ത് അടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നവരുണ്ട്. അവൻെറ ഏഴ് ജന്മത്തിൽ ലോട്ടറി അടിക്കില്ല. ബൈക്ക് കത്തിച്ച് വിടുകയാണ്. പെട്ടെന്നാണ് കയ്യിൽ നിന്ന് തെന്നിപ്പോയത്. നേരെ ചെന്നിടിച്ചത് ട്രിപ്പർ ലോറിയിൽ. തീർന്നു കഥ. സ്വപ്നക്കാരൻ ഞെട്ടിയുണരുന്നു. ഭയം നിറയുന്നു. പിന്നെ ബൈക്കിൽ തൊടുമ്പോഴൊക്കെ ആ ഭയം മുന്നിൽ നിൽക്കും. ബൈക്ക് ഓടിക്കാൻ പോലും പേടിയാകും. ഓടിച്ചാൽ തന്നെ വളരെ സൂക്ഷിച്ച് പതുക്കേ ഓടിക്കത്തുള്ളൂ. അത് സ്വപ്നത്തിന്റെ മറ്റൊരു മാന്ത്രികത.
സ്വപ്‌നം ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതിന്റെ സൂചനയാണെന്ന് ചിലർ പറയാറുണ്ട്. ഇത് തെറ്റാണെന്നാണ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞനായ ആൻഡേഴ്സൺ പറയുന്നത്. ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണമായും പ്രവർത്തനരഹിതമാകുന്നു. മാനസിക പ്രവർത്തനങ്ങളും അപ്രത്യക്ഷമാകും. ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കാൻ തുടങ്ങും. മനസ് ചെറിയ തോതിൽ ഉണരും. ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസിക പ്രവർത്തനമാണ് സ്വപ്നം എന്നാണ് പൊതുവേ വിശകലനം ചെയ്തിരിക്കുന്നത്. പാതിരാത്രിയിലോ പുലർച്ചയിലോ ആയിരിക്കും സ്വപ്നങ്ങൾ വരുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളികയാണ്. ശാസ്ത്രം ഇതുവരെ കൃത്യമായ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടുമില്ല.
ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയാണ് സ്വപ്നം. ആ യാത്രയുടെ ട്രാഫിക് നിയന്ത്രിക്കുന്ന കൺട്രോൾ റൂം വേറെയാണ്. അവിടെ സിഗ്നൽ ലൈറ്റുകൾ മാറിമാറിക്കത്തും. നമ്മൾ അറിയാത്ത വഴികളിലൂടെ സഞ്ചരിക്കും. ചുമ്മാ ഒരു രസം പോലെ. സ്വപ്നം കാണും പെണ്ണേ എന്ന പാട്ട് കേട്ടിട്ടില്ലേ. ചിലപ്പോൾ രസം മാറി രൗദ്രമാകും. അപ്പോൾ പേടിച്ച് വിറയ്ക്കും.
ഉറങ്ങുന്നതിനു മുമ്പ് മനസിൽ ഒരു ചിന്ത കയറിപ്പറ്റിയാൽ അത് സ്വപ്നമായി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് മന:ശാസ്ത്രജ്ഞർ പറയുന്നത്. ചിന്തകളെ പൂർണമാക്കാൻ ശരീരത്തിൻെറ സഹായമില്ലാതെ മനസ് ഒറ്റയ്‌ക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നതാണ് സ്വപ്നം എന്നൊരു കണ്ടെത്തലുണ്ട്. സ്വപ്നങ്ങൾ ഏതാനും നിമിഷങ്ങൾ മാത്രമായിരിക്കും. 20 മുതൽ 30 മിനിട്ടുകൾ വരെ നീണ്ട സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കൻഡുകൾ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സ്വപ്നം കാണുന്നയാളുടെ നിയന്ത്രണത്തിലായിരിക്കില്ല സാധാരണ സ്വപ്നങ്ങൾ. മന:ശാസ്ത്രജ്ഞൻ സിഗ് മണ്ട് ഫ്രോയിഡിന്റെ 'സ്വപ്നങ്ങളുടെ അപഗ്രഥനം' എന്ന ഗ്രന്ഥം സ്വപ്നത്തിന് ചില ശാസ്ത്രീയ മാനങ്ങൾ നൽകുന്നുണ്ട്. ക്രിസ്റ്റിഫർ നോളൻ സംവിധാനം ചെയ്ത 'ഇൻസെപ്ഷൻ' എന്ന ഹോളിവുഡ് ചിത്രവും സ്വപ്നത്തിന്റെ ശാസ്ത്രീയ വശങ്ങൾ വിശകലനം ചെയ്യുന്നു. മറ്റൊരാളുടെ സ്വപ്നത്തിനുള്ളിൽ കടന്ന് വിവരങ്ങൾ ചോർത്തുന്നവരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരാളുടെ സ്വപ്നം നിരവധി ആളുകൾക്കു ഷെയർ ചെയ്യുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്.
സ്വപ്നം ചിലർക്ക് ചില കാലമൊത്തിടുമെന്നു പഴഞ്ചൊല്ലുണ്ട്. സ്വപ്നത്തെ ഭയക്കുന്നവരും സ്വപ്നം അനുഭവത്തിൽ വരുമെന്നു ചിന്തിക്കുന്നവരുമുണ്ട്. പുരാണത്തിൽ സ്വപ്നത്തിന് പ്രാധാന്യമുള്ളതായി പറയുന്നു. ജ്യോതിഷ ഗ്രന്ഥങ്ങളായ ഹോരയിലും പ്രശ്നമാർഗത്തിലും വരാഹമിഹിരന്റെ 'യാത്ര'യെന്ന കൃതിയിലും രാമായണത്തിലും അഷ്ടാംഗ ഹൃദയത്തിലും സ്വപ്നവും അതിന്റെ ഫലങ്ങളും പരിഹാര വിധികളും വിശദമാക്കുന്നു. കാണുന്ന സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യങ്ങളാകണമെന്നില്ല. മനസിന്റെ സംഘർഷം കൊണ്ട് ഉൾമനസിൽ രൂപം കൊള്ളുന്ന സ്വപ്നങ്ങൾ ഫലിക്കില്ലെന്നാണ് കണ്ടെത്തൽ.
വെളുപ്പാൻകാലത്ത് കാണുന്ന സ്വപ്നങ്ങളാണ് കൂടുതൽ ഓർമ്മയിൽ നിൽക്കുന്നത്. പ്രഭാത സ്വപ്നത്തിനുശേഷം ഉടനെ ഉണരുന്നതുകൊണ്ടാണിത്. രാവിലെ കാണുന്ന സ്വപ്നം നീണ്ടു നിൽക്കുന്നതായിരിക്കും. ഗാഢനിദ്ര യിൽ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ആരെങ്കിലും വിളിച്ചുണർത്തിയാൽ ആ സ്വപ്നം കൺമുന്നിൽ തെളിയും.
ഗാഢനിദ്രയിൽ കാണുന്ന സ്വപ്നങ്ങൾ ഓർമ്മയിൽ തെളിയില്ലെന്നാണ് ശാസ്ത്രം പറയുന്നത്. ലഘു നിദ്ര യിലെ സ്വപ്നങ്ങൾ സ്മൃതിപഥത്തിലെത്തുന്നു. കാണുന്ന സ്വപ്നം അറിയാനും നിയന്ത്രിക്കാനും കഴിയുന്ന അവസ്ഥയുണ്ട്. അതിനെ ലൂസിഡ് ഡ്രീം എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്.
ഉറങ്ങി മൂന്നുമുതൽ ആറു മണിക്കൂറിനുള്ളിലാണ് പേടിസ്വപ്നങ്ങൾ സാധാരണയായി ഉണ്ടാകുന്നത്. സ്വപ്നം യാഥാർത്ഥ്യമായതാണെന്ന് സ്വപ്നദർശിക്ക് തോന്നാം. ഉറക്കാവസ്ഥയിൽ മസ്തിഷ്‌കത്തിലെ ബോധതലവും ജാഗ്രതാവസ്ഥയും യുക്തിബോധവും ഇല്ലാതാകുന്നതു കൊണ്ടാണിത് .
കൊച്ചുകുട്ടികൾക്ക് സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്തതുകൊണ്ട് സ്വപ്നങ്ങളിൽ കാണുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ യഥാർത്ഥമാണെന്ന് തോന്നും. സ്വപ്നം കണ്ട് കുട്ടികൾ പുഞ്ചിരിക്കുകയും കരയുകയും പേടിക്കുകയും ചെയ്യാറുണ്ട്. ഉണർന്നിരിക്കുന്ന അവസ്ഥയിൽ കുട്ടിയെ അലട്ടിയ പ്രശ്നങ്ങൾ സ്വപ്നങ്ങളിൽ കടന്നുവരുന്നു. കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയുടെ നിലവാരത്തിലുള്ളതായിരിക്കും സ്വപ്നങ്ങൾ.
'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്നൊരു പഴയകാല സിനിമ തന്നെയുണ്ടായിരുന്നു. എത്ര സിനിമകളിൽ സ്വപ്നം തന്നെ വന്നിട്ടുണ്ട്. ഫ്രണ്ട്സ് എന്ന സിനിമയിൽ ശ്രീനിവാസൻ സ്വപ്നം കാണുന്നൊരു സീനുണ്ട്. സ്വപ്നത്തിൽ സംസാരിച്ച് കാമുകിക്ക് മുത്തം കൊടുക്കുന്ന സീൻ. ഇതുകേട്ട് ഉണരുന്ന ജഗതി ശ്രീനിവാസനെ കട്ടിലിൽ നിന്ന് ചവിട്ടി താഴെ ഇടുന്നു. അപ്പോൾ സ്വപ്നം ഒരു സംഭവമാണ്. സ്വപ്നത്തിന് റെയ്ഞ്ച് പലതാണ്. പ്രണയമായ് വരും, കോടീശ്വരനായി വരും. സിനിമാ നടനാകുമെന്ന മോഹമായി വരും. കള്ളനോട്ടായി വരും. സ്വർണമായി വരും. വിമാനം കയറിയും വരും. പക്ഷേ, കസ്റ്റംസ് പൊക്കുമ്പോഴാണ് സ്വപ്നം ചിരിക്കാൻ തുടങ്ങുന്നത്. സ്വപ്നം കാണും പെണ്ണേ എന്ന് സ്വപ്നം പാടാൻ തുടങ്ങുന്നത്.
സ്വപ്നത്തിൽ നിന്ന് 'സ്വപ്ന' വന്നാലോ. നല്ല പുകിലായിരിക്കും. സ്വപ്ന സ്വപ്നം കണ്ട ലോകം ദാ കിടക്കുന്നു. സ്വപ്നതുല്യമായ ജീവിതം ആസ്വദിച്ച് സ്വർണ്ണത്തേരിൽ സഞ്ചരിച്ച സ്വപ്നയെ തേടി പോയകാല സ്വപ്നങ്ങൾ തെയ്യം ആടുകയാണ്. ഇങ്ങനെ ആടുമെന്ന് സ്വപ്ന സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല. സ്വപ്നക്കിപ്പോൾ ഉറക്കം വരുമോ.എന്തോ? ഉറക്കത്തിൽ സ്വപ്നം കാണുമോ? സ്വപ്ന എന്ന പേര് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉറക്കം പോകുന്ന രീതിയിലായി. സ്വപ്നം ഒരു സംഭവമായി. സ്വപ്നങ്ങളുണ്ടായിരിക്കണം എന്ന് പറയാറില്ലേ. എന്നാലെ ഉന്നതങ്ങളിൽ എത്തപ്പെടുകയുള്ളൂവെന്നാണ് അതിൻെറ പൊരുൾ. സ്വപ്നം നല്ലതാണ് പക്ഷേ, അതിൽ ദുർസ്വപ്നം കയറിപ്പറ്റുമ്പോഴാണ് ആട് പുലിയാകുന്നത്. പിന്നെ സ്വപ്നം പോയിട്ട് ഉറക്കം പോലുമില്ലാത്ത നാളുകളായി മാറും. സ്വപ്നമേ നീ ഇതെല്ലാം കാണുന്നുണ്ടല്ലോ. സ്വപ്നത്തിനും വേണം ഒരു സെൻസർ. ഇല്ലെങ്കിൽ സ്വപ്നത്തെയും പറ്റിക്കും.