കൊച്ചി: മുഴുപട്ടിണിയിൽ അരവയറെങ്കിലും നിറയ്ക്കാൻ പാടുപ്പെടുകയാണ് സംസ്ഥാനത്തെ കാറ്ററിംഗ് മേഖല. കൊവിഡ് നിയന്ത്രണങ്ങളിൽ വിവാഹങ്ങളും ആഘോഷങ്ങളുമില്ലാത്തായതോടെ അടച്ചുപൂട്ടൽ ഭീഷണിയിലാണ് പല യൂണിറ്റുകളും. ഇളവുകൾ വന്നെങ്കിലും അതൊന്നും ഈ മേഖലയെ തുണയ്ക്കുന്നില്ല. പ്രതിസന്ധിയെ ഉടൻ മറികടക്കാനാകുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു.ഏപ്രിൽ,മേയ് മാസങ്ങളിലാണ് കാറ്ററിംഗ് മേഖലയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്.വിവാഹങ്ങളും, ക്രിസ്തീയ ആഘോഷങ്ങളും വലിയൊരു ആശ്വാസമായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ആഘോഷങ്ങളെല്ലാം മാറ്റിവച്ചത്തോടെ വരുമാനമാർഗം നിലച്ചു. ചെറിയ തോതിൽ ചടങ്ങുകൾ നടത്താൻ അനുവദിച്ചെങ്കിലും 50 പേരിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുന്നില്ല. ചുരുക്കി നടത്തുന്നതിനാൽ മിക്ക ആളുകളും ഭക്ഷണം സ്വയമേ തയ്യാറാക്കുകയാണ്. 1200 കോടിയുടെ നഷ്ടത്തിലാണ് നിലവിൽ കാറ്ററിംഗ് മേഖലയെന്ന് ഉടമകൾ പറയുന്നു.

ദുരിതത്തിൽ

ചടങ്ങുകൾ 50 പേരിൽ ഒതുങ്ങിയപ്പോൾ ഭക്ഷണം വിളമ്പാൻ പ്രത്യേകം ആളുകളെ വേണ്ട. ഭക്ഷണം പാകം ചെയ്ത് നൽക്കുന്ന തൊഴിലാളികളും ലോക്ക്ഡൗണിന് ശേഷം പട്ടിണിയിലാണ്. കൊവിഡ് ഭീതി തുടരുന്നതിനാൽ മറ്റു ഉപജീവന മാർഗം കണ്ടെത്തേണ്ട അവസ്ഥയിലാണിവർ.കേരളത്തിൽ 1,200 അംഗീകൃത കാറ്ററിംഗ് യൂണിറ്റുകളും ലൈൻസൻസില്ലാതെ പ്രവർത്തിക്കുന്ന മൂവായിരത്തോളം യൂണിറ്റുകളുമുണ്ട്. ജില്ലയിൽ 475 അംഗീകൃത കാറ്ററിംഗ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. വായ്പയെടുത്തും കടം വാങ്ങിയുമാണ് മിക്കവരും ബിസിനസ് ആരംഭിച്ചത്. ഓർഡറുകൾ നഷ്ടമായത്തോടെ തിരിച്ചടവുകളും മുടങ്ങി.

ആവശ്യങ്ങൾ

സബ്സിഡിയോടുകൂടിയ വായ്പ

വായ്പാ തിരിച്ചടവിന് മൊറട്ടോറിയം

വ്യത്യസ്ത സമയങ്ങളിലായി ചടങ്ങുകളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുക

പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക

ചടങ്ങുകളിൽ 50 പേരെ പങ്കെടുപ്പിക്കാനെ അനുവാദമുള്ളു. ഡീസൽ, കോഴി വിലകൾ വർദ്ധിക്കുന്നത് നഷ്ടമുണ്ടാക്കുന്നു. 50 പേർക്ക് ഭക്ഷണം ഉണ്ടാക്കുമ്പോൾ അനുബന്ധ തൊഴിലാളികളുടെ വേതനവും ചിലവും കഴിഞ്ഞ് മിച്ചം പിടിക്കാൻ സാധിക്കുന്നില്ല. നിശ്ചിത വിലയിൽ കൂടുതൽ ഭക്ഷണത്തിന് ഈടാക്കാനും സാധിക്കില്ല

ജോസഫ് കെ.പി

ഡി മന്ന കാറ്ററിംഗ്

ഒരു കാറ്ററിംഗ് യൂണിറ്റിന്റെ കീഴിൽ നിരവധി തൊഴിലാളികളുണ്ട്. ചടങ്ങുകളിൽ 50 പേരെന്ന നിയന്ത്രണം തൊഴിലാളികളുടെ എണ്ണം കുറക്കാൻ നിർബന്ധിതരാക്കുന്നു. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കാതെ കാറ്ററിംഗ് മേഖലയ്ക്ക് പിടിച്ചു നിൽക്കാനാകില്ല

സെബാസ്റ്റ്യൻ വർഗീസ്

വരാപ്പുഴ മേഖല പ്രസിഡന്റ്

കാറ്ററിംഗ് അസോസിയേഷൻ