തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഐ.സി.യൂണിറ്റുകൾ സജ്ജീകരിക്കണമെന്ന് മഹാരാഷ്ട്രയിൽ ചികിത്സയ്ക്ക് പോയി തിരിച്ചു വന്ന മെഡിക്കൽ സംഘം സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു..
രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയിലെ ചികിത്സാനുഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിലാണിത്.. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്രമാനുഗതമായി ഐ.സി..യു കിടക്കകളൊരുക്കാൻ കഴിഞ്ഞിരുന്നില്ല.രോഗികളിൽ പത്ത് ശതമാനം വരെ രോഗികളെയാണ്ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നത്.
മറ്റ് ശുപാർശകൾ
ഐ.സി.യുകളുടെ എണ്ണവും രോഗികളുടെവരവും എപ്പോഴും പരിശോധിക്കണം.
ഐ.സി.യു എണ്ണത്തിനനുസരിച്ച് ആരോഗ്യ പ്രവർത്തകരുടെയും ടെക്നിഷ്യന്മാരുടെയും എണ്ണം കൂട്ടണം.
പി.പി.ഇ കിറ്റുമായി അഞ്ചോ ആറോ മണിക്കൂറിലധികം ഒരാരോഗ്യ പ്രവർത്തകന് ജോലി ചെയ്യാനാവില്ല. ഷിഫ്റ്റുകളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കണം.
രോഗം പകരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വീട്ടിൽ പോകുന്നത് തടയണം. ഇവർക്കുള്ള താമസം, ഭക്ഷണം,മറ്റ് സൗകര്യങ്ങൾ ആശുപത്രിയോട് ചേർന്ന് ഒരുക്കണം.
100 ഐ.സി.യു കിടക്കകൾ വീതമുള്ള മൂന്ന് ആശുപത്രികളെങ്കിലും തയ്യാറാക്കി നിറുത്തണം. . സിലിണ്ടറുകൾക്ക് പകരം രണ്ട് ഓക്സിജൻ ടാങ്കുള്ള ഐ.സിയുകളാണ് വേണ്ടത്.
കൊവിഡ് ചികിത്സയ്ക്കായി കൂടുതൽ ഫണ്ട് അനുവദിക്കുകയും അധിക വിഭവസമാഹരണം നടത്തുകയും ചികിത്സാ രീതികളും സൗകര്യങ്ങളും നവീകരിക്കുകയു ചെയ്യണം.
വ്യാപനമുണ്ടായ സ്ഥലത്തെ രോഗികളുടെയും മറ്റും സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ചികിത്സാ സംവിധാനമൊരുക്കണം.