തിരുവനന്തപുരം: യു.എ.ഇ കോൺസലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് നടത്തിയ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യക്ഷമായി ഇടപെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനമുള്ള കേസാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ സി.ബി.ഐ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വപ്‌ന ഐ.ടി വകുപ്പ് ഉദ്യോഗസ്ഥയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. എന്നാൽ, മുഖ്യമന്ത്രിയുടെ വകുപ്പായ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് ഈ പ്രതി ജോലി ചെയ്തിരുന്നത്. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ തലസ്ഥാനത്തെ റാവിസ് ലീല ഹോട്ടലിൽ നടന്ന എഡ്‌ജ് 2020 സ്‌പേസ് കോൺക്ലേവിന്റെ മുഖ്യസംഘാടക സ്വപ്‌നയായിരുന്നു. ഒന്നിന് വൈകിട്ട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ധാരണാപത്രം കൈമാറിയതും ഈ പ്രതിയാണ്. എന്നിട്ടും അവരെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്ത് കേസ് മാത്രമല്ലിത്. ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി അടക്കമുള്ള ബഹിരാകാശ സ്ഥാപനങ്ങളുമായൊക്കെ ബന്ധപ്പെട്ട ഒരു കോൺക്ലേവിന്റെ നേതൃത്വം സ്വപ്‌നയെ ഏൽപ്പിച്ചത് ആരാണ്. കേസിൽ അന്വേഷണം വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു. രാജ്യാന്തര ബന്ധമുള്ള കള്ളക്കടത്തുകൾ നടത്താൻ എൽ.ഡി.എഫിനേ പറ്റൂവെന്നും ചെന്നിത്തല പറഞ്ഞു.