mask-

കൊവിഡ് പ്രതിരോധത്തിൽ മരുന്നിനെക്കാൾ ഗുണം ചെയ്യുന്നത് മാസ്‌കും സാനിറ്റൈസറുമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ പ്രാധാന്യം മനസിലാക്കിയാണ് വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിക്കുകയും വേണമെന്ന കർക്കശ നിബന്ധന നിലവിൽ വന്നത്. കൊവിഡ് വലിയൊരു മഹാമാരിയുടെ രൂപത്തിൽ പടർന്നുപിടിക്കാൻ തുടങ്ങിയ ഏപ്രിൽ ആദ്യം തൊട്ടേ രാജ്യത്തുടനീളം മാസ്‌ക് നിബന്ധന കർശനമായി പ്രാബല്യത്തിലുണ്ട്. ആദ്യകാലത്ത് ഈ രണ്ട് സാധനങ്ങൾക്കും കടുത്ത ക്ഷാമം നേരിട്ട പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ അവ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് അതിന്റെ ലഭ്യത ഉറപ്പാക്കിയത്. ഇപ്പോഴിതാ മാസ്‌കും സാനിറ്റൈസറും പട്ടികയ്ക്കു പുറത്താക്കി കേന്ദ്രം ഉത്തരവിറക്കിയിരിക്കുകയാണ്. രാജ്യം ഒന്നാകെ കൊവിഡ് സമൂഹ വ്യാപന ഘട്ടത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഇതുപോലൊരു തീരുമാനമുണ്ടായത് അത്ഭുതകരമാണ്. മാസ്‌കും സാനിറ്റൈസറും ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്ന ന്യായം പറഞ്ഞാണ് അവശ്യ സാധന പട്ടികയിൽ നിന്ന് അവ ഒഴിവാക്കിയിരിക്കുന്നത്. വിപണിയിൽ തൽക്കാലം ക്ഷാമമില്ലെങ്കിലും ഏതു സമയത്തും സ്ഥിതി മാറാമെന്ന യാഥാർത്ഥ്യം പരിഗണിക്കാതെ കൈക്കൊണ്ട തീരുമാനമാണിതെന്നു പറയാം. ഒട്ടുമിക്ക ഇടങ്ങളിലും അവയ്ക്ക് ഇപ്പോഴും അമിത വില നൽകിയാണ് ജനങ്ങൾ വാങ്ങുന്നത്. അവശ്യ സാധന നിയമ പരിരക്ഷ ഏർപ്പെടുത്തിയിട്ടുപോലും സ്ഥിതി ഇതാണെങ്കിൽ നിയമം എടുത്തുകളയുമ്പോഴുണ്ടാകാവുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. മാസ്‌കും സാനിറ്റൈസറും തുടർന്നും അവശ്യസാധന പട്ടികയിൽ തുടരുന്നതുകൊണ്ട് സർക്കാരിന് എന്തു ബുദ്ധിമുട്ടാണുണ്ടാകുന്നതെന്ന് മനസിലാകുന്നുമില്ല. മഹാമാരി മൂർദ്ധന്യത്തിൽ നിൽക്കവെ തന്നെ വിവേകശൂന്യമായി ഇത്തരത്തിലൊരു ഉത്തരവിറക്കിയതിനു പിന്നിൽ തീർച്ചയായും നിക്ഷിപ്ത താത്‌പര്യക്കാരുടെ സമ്മർദ്ദം കാണും. ആവശ്യത്തിനു വേണ്ടത്ര മാസ്കും സാനിറ്റൈസറും ലഭിക്കാതെ വന്ന ആദ്യ ഘട്ടത്തിലാണ് അവയുടെ ലഭ്യത ഉറപ്പുവരുത്താൻ അവശ്യവസ്തുക്കളുടെ പട്ടികയിൽ പെടുത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. സാധനം വിപണിയിൽ സുലഭമാണ്. ആ നിലയ്ക്ക് നിയന്ത്രണത്തിന്റെ ആവശ്യമില്ല. അതിനാലാണ് ജൂൺ 30ന് അവ പട്ടികയിൽ നിന്ന് എടുത്തുമാറ്റിയതെന്നാണ് കേന്ദ്ര ഉപഭോക്തൃ വകുപ്പിന്റെ വിശദീകരണം.

കൊവിഡ് പ്രതിരോധത്തിൽ ഒഴിച്ചുകൂടാനാവാത്ത അവശ്യ വസ്തുക്കളായ മാസ്‌കും സാനിറ്റൈസറും ധാരാളമായി വിപണിയിൽ വില്പനയ്ക്കുണ്ടെന്നുള്ളത് ശരിയാകാം. എന്നാൽ ഇവ അവശ്യസാധന പട്ടികയിൽ ഉൾപ്പെട്ടിരുന്നപ്പോഴും വില നിയന്ത്രണ നിബന്ധനകൾ പാലിച്ചിരുന്നില്ലെന്നതാണു സത്യം. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി കമ്പനികളുടെ ഉത്‌പന്നങ്ങളാണ് ഇപ്പോഴും വിപണിയിൽ ധാരാളമുള്ളത്. വിലയുടെ കാര്യത്തിൽ മാത്രമല്ല, ഗുണനിലവാരത്തിലും വളരെ പിന്നിലാണവ. മെഡിക്കൽ ഷോപ്പുകളിൽ വില്ക്കുന്നവയ്ക്കു പോലുമുണ്ട് വിലയിൽ അന്തരം. ഔഷധ വില നിയന്ത്രണ നിയമമനുസരിച്ചു വേണം ഇവ വിൽക്കാനെന്നു നിബന്ധന ഉള്ളപ്പോഴാണ് ഇതൊക്കെ നിർബാധം നടക്കുന്നത്. ഇനി അവശ്യസാധന പട്ടികയുടെ പുറത്താകുമ്പോഴുള്ള സ്ഥിതി എന്താകുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഔഷധ വില നിർണയിക്കാൻ അധികാരമുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടി മാസ്‌കിനും സാനിറ്റൈസറിനും ചുമത്താവുന്ന വില ഇതുവരെ നിശ്ചയിച്ചിട്ടുമില്ല. കൊള്ളലാഭമെടുക്കാൻ കടകൾക്ക് അവസരം ലഭിച്ചത് അങ്ങനെയാണ്.

അപൂർവം ചില സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലായിടത്തും കൊവിഡ് രോഗികളുടെ സംഖ്യ നാൾക്കു നാൾ അനിയന്ത്രിതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൃത്യമായ ഔഷധമോ പ്രതിരോധ വാക്സിനോ ഇനിയും കണ്ടുപിടിക്കാനായിട്ടില്ല. രോഗപ്പകർച്ച തടയാൻ വീടുകളിൽ അടച്ചിരുന്നാൽ മതിയാകും. എന്നാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പുറത്തിറങ്ങാതെ വയ്യല്ലോ. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാക്കിയ സ്ഥിതിക്ക് കുറഞ്ഞ വിലയ്ക്ക് അവ ജനങ്ങളിലെത്തിക്കാനുള്ള ബാദ്ധ്യത ഭരണകൂടങ്ങൾക്കുണ്ട്. ഇപ്പോൾ വിപണികളിൽ ലഭിക്കുന്ന മാസ്‌കുകളിൽ അധിക പങ്കും തീരെ ഗുണനിലവാരമില്ലാത്തതും രോഗപ്രതിരോധത്തിന് പറ്റാത്തവയുമാണെന്ന് നിസംശയം പറയാം. മാസ്കില്ലാതെ പുറത്തിറങ്ങിയാൽ പിടിവീഴുമെന്നതിനാൽ പേരിന് എന്തെങ്കിലുമൊന്ന് ധരിക്കുന്നവരാണ് ഏറെയും. സമൂഹ വ്യാപന ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലെങ്കിലും വിപണിയിൽ ലഭ്യമാകുന്ന മാസ്‌കിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അധികൃതരുടെ ശക്തമായ ഇടപെടലുകൾ ആവശ്യമാണ്. മാസ്‌ക് വില അവശ്യസാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെങ്കിലും ഒന്നും ബാധകമല്ലെന്ന മട്ടിലാണ് ഇവിടെ അതിന്റെ വില്പന. നാലഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് അവശ്യവസ്തുക്കൾക്കൊപ്പം ഒട്ടേറെ മാസ്കുകളും വാങ്ങേണ്ടിവരുമ്പോൾ ഉണ്ടാകാവുന്ന അധികച്ചെലവ് കാണാതിരുന്നുകൂടാ. കൊവിഡ് പ്രതിരോധച്ചെലവിൽ ഉൾപ്പെടുത്തി സാധാരണ കുടുംബങ്ങൾക്ക് സൗജന്യമായോ അതിനു കഴിഞ്ഞില്ലെങ്കിൽ കുറഞ്ഞ വിലയ്ക്കോ മാസ്‌ക് വിതരണം ചെയ്യാവുന്നതാണ്.

ചാടിച്ചാടി വളയമില്ലാതെ ചാടുന്നതു പോലുള്ള നടപടി സ്വീകരിക്കുന്നതിനു മുൻപ് വരുംവരായ്കയെക്കുറിച്ചുകൂടി ഭരണകൂടങ്ങൾ ഓർക്കേണ്ടതാണ്. അവശ്യസാധന നിയമം തന്നെ കേന്ദ്രം പൊളിച്ചെഴുതിയത് സമീപകാലത്താണ്. വർഷങ്ങളായി അവശ്യ സാധനങ്ങളുടെ സംഭരണത്തിനും വില്പനയ്ക്കുമുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം ഒറ്റയടിക്കു റദ്ദാക്കിക്കൊണ്ടാണ് പുതിയ നിയമം നടപ്പാക്കിയത്. ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എവിടെയും യഥേഷ്ടം ഇപ്പോൾ കൊണ്ടുപോകാം. എത്ര കവിഞ്ഞ അളവിലും അവ സംഭരിച്ചു സൂക്ഷിക്കുന്നതിനും തടസമില്ല. വൻകിട കർഷകർക്കും വ്യാപാരികൾക്കും ഗുണകരമാകുന്ന മാറ്റങ്ങളാണിതൊക്കെ. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കാവും അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരിക. നിസാരമെന്നു തോന്നുമെങ്കിലും മാസ‌്‌കിന്റെയും സാനിറ്റൈസറിന്റെയും കാര്യത്തിൽ കേന്ദ്രം ഇപ്പോൾ കൈക്കൊണ്ട തീരുമാനവും ആത്യന്തികമായി ജനങ്ങൾക്ക് ഉപകരിക്കുന്നതല്ല. മഹാമാരിയും കൊള്ളലാഭത്തിനായി പ്രയോജനപ്പെടുത്താൻ അറിയാവുന്ന കമ്പനികൾക്കാവും ഇതിന്റെ ഗുണം ലഭിക്കാൻ പോകുന്നത്.