swapna-suresh

തിരുവനന്തപുരം: കേട്ടറിവിനേക്കാൾ വലുതാണ് സ്വപ്‌നാ സുരേഷ് എന്ന യാഥാർത്ഥ്യം. സ്വാധീനവലയത്തിലുള്ള ഉന്നതരുടെ പേരുകൾ കേട്ടാൽ ആരും ഞെട്ടും. വിരൽ ഞൊടിച്ചാൽ എന്തും നടത്തും - അതാണ് മാഡം. സംശയമുള്ളവർ തലസ്ഥാനത്തെ ഐ.ജിയോട് തിരക്കിയാൽ മതി. എയർ ഇന്ത്യ ജീവനക്കാരനെ വ്യാജ പീഡനക്കേസിൽ കുടുക്കിയതിന് രണ്ട് കേസുകളിൽ പ്രതിയാക്കുന്നതിന് തൊട്ടുമുൻപ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സ്വപ്‌നയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വിലയേറിയ കാറിൽ അനുചരന്മാരുമൊത്ത് സ്വപ്‌ന ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. വന്നപ്പോഴേ പറഞ്ഞു - വേഗം മടങ്ങിപ്പോവേണ്ട ആവശ്യമുണ്ട്, ചോദ്യം ചെയ്യലൊക്കെ വേഗത്തിലാക്കണം. നമ്മുടെ പൊലീസല്ലേ, നടപടിക്രമങ്ങളും എഴുത്തുകുത്തുമൊക്കെയായി സമയമെടുത്തു. മാഡത്തിന് ക്രൈംബ്രാഞ്ച് ഓഫീസിൽ കാത്തുനിൽക്കേണ്ടി വന്നു.

എ.സിയുടെ കുളിരു വിട്ട് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയപ്പോൾ മാ‌ഡത്തിന്റെ സ്വഭാവം മാറി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ട് വൈകിപ്പിക്കുന്നതെന്തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് സ്വപ്ന കയർത്തു. പൊലീസുകാർ കേട്ട ഭാവം നടിച്ചില്ല. പിന്നെയാണ് മാഡത്തിന്റെ തനിനിറം പുറത്തുവന്നത്. സെക്രട്ടേറിയറ്റിലെ ഉന്നതനായ ഐ.എ.എസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. ഏമാന് സംഗതി തീരെ പിടിച്ചില്ല. ഉടൻ ഐ.ജിയെ വിളിച്ചെങ്കിലും ഫോൺ ബിസി. കാത്തുനിൽക്കാൻ ഐ.എ.എസ് സിംഹത്തിന് സമയമില്ലല്ലോ. മാഡത്തെ ഓഫീസിൽ കാത്തുനിറുത്തിയത് എന്തിനെന്ന് തിരക്കി അറിയിക്കാൻ എെ.ജിക്ക് എസ്.എം.എസ് അയച്ചു. വിരണ്ടുപോയ ഐ.ജി ക്രൈംബ്രാഞ്ച് ഓഫീസിൽ പാഞ്ഞെത്തി. അപ്പോഴാണ് ഗുട്ടൻസ് പിടികിട്ടിയത്. ഐജി ഇടപെട്ട് സ്വപ്നയെ ഉടൻ വിട്ടയച്ചു. ചോദ്യംചെയ്യാൻ വിളിപ്പിച്ച പൊലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചാണ് സ്വപ്‌ന ക്രൈംബ്രാഞ്ചിൽ നിന്ന് മടങ്ങിയത്. പിന്നീട് വ്യാജരേഖ, ആൾമാറാട്ടം കേസുകളിൽ സ്വപ്നയെ പ്രതിയാക്കാൻ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് തടയാൻ ഉന്നതന് കഴിഞ്ഞില്ല.

പൊലീസിലെ ഉന്നതൻ മാഡവുമായി സ്വിമ്മിംഗ് പൂളിൽ നീരാട്ട് നടത്തിയത് ഒമ്പത് മാസം മുൻപാണ്. തലസ്ഥാനത്തെ റിസോർട്ടായിരുന്നു വേദി. മാഡത്തിന്റെ ഉറ്റബന്ധുവിന്റെ വിവാഹ സത്കാരത്തിൽ അടിച്ചുപൂസായ ഏമാൻ മാഡവുമായി വെള്ളത്തിലേക്ക് മറിഞ്ഞു. ഒപ്പമുണ്ടായിരുന്ന ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഈ ദൃശ്യം മൊബൈലിൽ ഭംഗിയായി ചിത്രീകരിച്ചു. ദൃശ്യം കൈയിലുള്ളതിനാൽ ഈ ഉദ്യോഗസ്ഥന് പൊലീസിൽ പൊന്നുംവിലയാണ്. ഈ സത്കാര ചടങ്ങിൽ ഒരു ക്രൂരകൃത്യവുമുണ്ടായി. നവവരനും ബന്ധുക്കളും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരുമെല്ലാം മദ്യപിച്ച് കൂത്താടുന്നത് കണ്ട് കല്യാണപ്പെണ്ണ് ഞെട്ടി. ജ്യൂസിൽ മദ്യമൊഴിച്ച് ഈ പെൺകുട്ടിയെ മാഡം കുടിപ്പിച്ചു. കൈകൾ പിന്നിൽ കെട്ടി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചെന്ന് പെൺകുട്ടി പരാതിപ്പെട്ടു. പൊലീസിൽ പരാതിയെത്തിയതോടെ പാർട്ടി നേതൃത്വം ഒരു ഭാഗത്തും ഐ.എ.എസ്, ഐ.പി.എസ് ഉന്നതന്മാർ മറുഭാഗത്തുമായി നിലകൊണ്ടു. ഒടുവിൽ പൊലീസ് ഉന്നതൻ ഇടപെട്ട് സ്വർണവും പണവും തിരികെവാങ്ങി നൽകി, നഷ്ടപരിഹാരവും നൽകി കേസ് അവസാനിപ്പിച്ചു. വിവാഹത്തിന്റെ നാലാംദിനം നടന്ന സത്കാരത്തിന്റെ രാത്രി പിതാവിനൊപ്പം പോയ പെൺകുട്ടി പിന്നീട് വിവാഹമോചനം നേടി.