കോട്ടയം: കഞ്ചാവിന്റെ ലഹരിയിൽ ഭാര്യയുടെ വീട്ടിൽ കയറി മകനെ തട്ടിക്കൊണ്ടു പോയ കേസിൽ യുവാവിനെ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ പുത്തൻകുരിശ് ചെരുങ്ങേലിൽ വീട്ടിൽ സന്തോഷിനെ (27)യാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബി.എസ്. ബിനുവിന്റെയും എസ്.ഐ ടി.എസ് റെനീഷിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി ഞീഴൂർ പാഴൂത്തുരുത്ത് നിലക്കുന്നേൽ വീട്ടിൽ സന്ധ്യ (19)യുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നേരത്തെ ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും ഒരു വർഷത്തോളമായി അകന്നു കഴിയുകയാണ്. ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം കുട്ടി അമ്മയുടെ കൂടെയാണ് താമസം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കഞ്ചാവിന്റെ ലഹരിയിലായ പ്രതി, ഞീഴൂരിലെ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്രതിയുടെ വീട്ടിലെത്തി സന്ധ്യയും അമ്മയും കുട്ടിയെ തിരികെ ആവശ്യപ്പെട്ടെങ്കിലും ഇരുവരെയും അടിച്ചോടിക്കുകയായിരുന്നു. തുടർന്ന് സന്തോഷ് ബൈക്കിൽ കുട്ടിയുമായി രക്ഷപ്പെട്ടു. പരാതിയെത്തുടർന്ന് കടുത്തുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാട് ഭാഗത്തുള്ളതായി കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടും, വീടുകയറി സ്ത്രീകളെ ആക്രമിച്ചതിനുമടക്കം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.