kadamp

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ കൗതുകക്കാഴ്ചയായി കടമ്പ് പൂത്തു. ടെന്നിസ് ബാളിന്റെ ആകൃതിയുള്ള കടമ്പിൻ പൂവിന് കൊറോണ വൈറസിനോടുള്ള രൂപ സാദൃശ്യമാണ് കൗതുകകരം. നാല് വർഷം മുൻപാണ് സോഷ്യൽ ഫോറസ്ട്രിയിൽ നിന്നും വിവിധ വൃക്ഷത്തൈകളുടെ കൂട്ടത്തിൽ ഇതും ലഭിച്ചത്. പരീക്ഷണ അടിസ്ഥാനത്തിലാണ് നട്ടത്. എന്നാൽ മറ്റു വൃക്ഷങ്ങളെക്കാൾ വേഗം വളരുകയും പൂക്കുകയും ചെയ്തു.

നിത്യഹരിത വനപ്രദേശങ്ങളിൽ വളരുന്ന പുരാണങ്ങളിൽ വാഴ്ത്തപ്പെടുന്ന കടമ്പുമരം അപൂർവമായാണ് സമതലങ്ങളിൽ വളരുന്നത്. മഴക്കാലത്താണ് കടമ്പ് പൂവിടുന്നത്. ഏറെ ഔഷധ ഗുണങ്ങളുള്ള കടമ്പിൻ പൂവ് ശലഭങ്ങൾക്ക് ഏറെ പ്രിയങ്കരമാണ്.

ശ്രീകൃഷ്ണകഥയിലും ദേവീമാഹാത്മ്യത്തിലും ഗരുഢ പുരാണത്തിലും ഒക്കെ പരാമർശിക്കുന്ന ഈ വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്. മരത്തിന്റെ തൊലി ഉപയോഗിച്ചുള്ള കഷായം പനിക്ക് ഉത്തമമാണ്. കായുടെ നീര് പഞ്ചസാര ചേർത്ത് കഴിക്കുന്നത് ഉദര രോഗത്തിന് പ്രതിവിധിയാണ്. കടമ്പിൻ പൂക്കൾ പൂജാചടങ്ങുകളിൽ ഉപയോഗിച്ചു വരുന്നു. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനും പൂക്കൾ ഉപയോഗിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പേശിവേദന, ഗർഭസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കടമ്പ് മരത്തിന്റെ വേരുകൾ ഔഷധമായി ഉപയോഗിക്കുന്നു. അൾസർ ചികിത്സയ്ക്കും മഞ്ഞപ്പിത്തത്തിനും മരത്തിന്റെ ഇലകൾ ഉപയോഗിക്കുന്നു.

ഓറഞ്ച് കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. ഒരു ഇന്തോ - മലയൻ സസ്യമാണ് കടമ്പ്. ആറ്റുതീരങ്ങളിൽ കാണാറുള്ള ഈ വൃക്ഷത്തിന് ആറ്റുതേക്ക് എന്നും പേരുണ്ട്.