വെള്ളറട: ചിറത്തലയ്ക്കൽ കുളം നവീകരിച്ച് ടുറിസം പദ്ധതി നടപ്പിലാക്കാനുള്ള വെള്ളറട പഞ്ചായത്തിന്റെ ശ്രമങ്ങൾ പാതിവഴിക്ക് അവസാനിച്ചെന്ന് നാട്ടുകാരുടെ ആക്ഷേപം. വെള്ളറട വാർഡിൽ ഉൾപ്പെടുന്ന രണ്ട് ഏക്കറോളം വിസ്തീർണമുള്ള കുളം നവീകരിക്കാൻ പഞ്ചായത്ത് ചെലവിട്ടത് 27 ലക്ഷം രൂപയാണ്. കുളത്തിൽ പൂർണമായും സൈഡ് വാൾ കെട്ടി ചെളി കോരി വെള്ളം നിറച്ച് പെഡൽ ബോട്ട് സവാരി ഏർപ്പെടുത്തി ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 27 ലക്ഷം രൂപയ്ക്ക് കുളത്തിന് നാല് വശവും സൈഡ് വാൾ കെട്ടാനോ പൂർണമായും ചെളികോരി പദ്ധതി നടപ്പിലാക്കാൻ കഴിയാത്തതാണ് പദ്ധതി പാതിവഴിക്ക് ഉപേക്ഷിക്കാൻ കാരണം. അതു വരെ മുടക്കിയ 27 ലക്ഷവും പാഴായ മട്ടാണ്. നിലവിൽ കുളത്തിന്റെ വശങ്ങളിൽ നിന്ന് മണ്ണിടിച്ച് ഗ്രാമ പഞ്ചായത്ത് പച്ച തുരുത്ത് പദ്ധതി നടപ്പിലാക്കി തുടങ്ങി. പക്ഷേ നാട്ടുകാരുടെ സ്വപ്ന പദ്ധതിയും പഞ്ചായത്തിന് വരുമാനം ലഭിക്കുന്നതുമായ ചിറത്തലയ്ക്കൽ കുളത്തിലെ ടൂറിസം പദ്ധതി നടപ്പിലാകണമെങ്കിൽ ഇനിയും ലക്ഷങ്ങൾ ചെലവാക്കേണ്ടി വരും. പ്ളാങ്കുടിക്കാവിലെ എക്കോ ടൂറിസം പദ്ധതിക്കും ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ പത്തുലക്ഷം രൂപ വകയിരുത്തി നിർമ്മാണം തുടങ്ങി. ടൂറിസ്റ്റുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട നിർമ്മാണങ്ങൾ ആരംഭിച്ചു. എന്നാൽ പദ്ധതിക്കെതിരെ ചിലർ കോടതിയെ സമീപിച്ചതോടെ നിർമ്മാണം നിലച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്നും കരാറുകാരന് നൽകിയ പണം തിരികെ പിടിക്കാൻ പഞ്ചായത്ത് ഓഡിറ്റിംഗ് വിഭാഗം റിപ്പോർട്ട് ചെയ്തു. ഇതോടുകൂടി ഈ പദ്ധതിയും നിലച്ചു. പ്രകൃതി ഭംഗി ഏറെ ആസ്വദിക്കാൻ ടൂറിസ്റ്റുകൾക്ക് കഴിയുന്ന പ്ളാങ്കുടിക്കാവ് എക്കോ ടൂറിസം ഇനി നടക്കുമോയെന്നുള്ള കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയാത്ത അവസ്ഥയിലാണ്. സർക്കാർ വസ്തുവിലാണ് പദ്ധതി തുടങ്ങിയത്. എന്നാൽ ഈ സ്ഥലം സർക്കാർ മറ്റൊരാൾക്ക് ലീസിന് നൽകിയതാണെന്നും ആരോപണമുണ്ട്. ഗ്രാമപഞ്ചായത്തിൽ ടൂറിസം സാധ്യത കണക്കിലെടുത്ത് രണ്ടു പദ്ധതികളാണ് ആരംഭിച്ചത്. പക്ഷേ രണ്ടും പകുതി വഴിയിൽ മുടങ്ങിയിരിക്കുകയാണ്.
സർക്കാർ സഹായിക്കണം
സർക്കാർ വിചാരിച്ചാൽ മാത്രമേ പ്ളാങ്കുടിക്കാവ് പദ്ധതി യാഥാർത്ഥ്യമാകാൻ കഴിയുകയുള്ളു. പദ്ധതികൾ രണ്ടും പൂർത്തീകരിച്ചാൽ പഞ്ചായത്തിന് വരുമാനവും നിരവധിപേർക്ക് തൊഴിലും ടൂറിസ്റ്റുകളെ ആകർഷിക്കാനും കഴിയുമായിരുന്നു. ചിറത്തലയ്ക്കലിൽ പെഡൽ ബോട്ട് സംവിധാനം ഏർപ്പെടുത്താൻ ടൂറിസം ഡിപ്പാർട്ട്മെന്റും മറ്റ് സർക്കാർ ഏജൻസികളോ സഹായിച്ചാൽ എളുപ്പമാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഇല്ലെങ്കിൽ ഒരു പദ്ധതി പോലും പൂർത്തീകരിച്ച് കാണാൻ കഴിയില്ലെന്നത് ഉറപ്പാണ്.
ചിറത്തലയ്ക്കലിലെ കുളം നവീകരണത്തിനായി ചെലവിട്ടത് 27 ലക്ഷം
പ്ലാങ്കുടിക്കാവിലെ എക്കോ ടൂറിസം പദ്ധതിക്കായി ചെലവിട്ടത് 10 ലക്ഷം