rd

ആര്യനാട്: സമൂഹവ്യാപന ആശങ്ക വർദ്ധിപ്പിച്ച് ആര്യനാട് ഗ്രാമപപഞ്ചായത്തിൽ ഇന്നലെ രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ എൻ.ആർ.എച്ച്.എം ഡോക്ടറുടെ അമ്മയ്‌ക്കും സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആര്യനാട്ടെ രോഗികളുടെ എണ്ണം എട്ടായി. രോഗികളുടെ എണ്ണം ഉയർന്നതോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഡോക്ടർ, രണ്ട് ആശാവർക്കർമാർ, ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആര്യനാട് ട്രാൻസ്‌പോർട്ട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ, ബേക്കറി ഉടമ എന്നിവർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കത്തിലായ 287 പേരുടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് രണ്ടുപേർക്ക് രോഗം കണ്ടെത്തിയത്. ആര്യനാട് ആശുപത്രി ഫയർഫോഴ്സ് അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസം സ്രവ പരിശോധന നടത്താൻ കഴിയാത്തവരെ ഇന്ന് പരിശോധിക്കും. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതോടെ പഞ്ചായത്തിന്റെ അതിർത്തി അടച്ച് പൊലീസ് പരിശോധന കർശനമാക്കി. മേഖലയിൽ പൊതുഗതാഗതം ഉണ്ടായിരിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുപോകാനോ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർ ഈ പ്രദേശങ്ങളിൽ പ്രവേശിക്കാനോ പാടില്ല.

ആര്യനാട് പഞ്ചായത്തിൽ അവലോകനയോഗം

ആര്യനാട്: ആര്യനാട്ട് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നെടുമങ്ങാട് തഹസിൽദാർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ആര്യനാട് പഞ്ചായത്തിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാ ബീഗം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസറുദീൻ, ആര്യനാട് സി.ഐ യഹിയ, ജില്ലാ, ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തീരുമാനങ്ങൾ

-------------------------------

■ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള

അണുവിമുക്ത പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും

■ ആര്യനാട് ആശുപത്രിയുടെ ഒ.പി രാവിലെ

9 മുതൽ 1 മണി വരെ

■ പ്രത്യേക ക്വാറന്റൈൻ സംവിധാനങ്ങൾ സജ്ജീകരിക്കും

■ അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള

കടകൾ രാവിലെ 7 മുതൽ 11 വരെ

■ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കും

ഹെല്പ് ഡെസ്‌ക്

ആര്യനാട് പഞ്ചായത്തിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു.

ഫോൺ: 9495225199, 6238226255. 9495122046.