പൂവാർ: ജില്ലയിലെ തീരദേശ മേഖലയായ പൂന്തുറയിൽ കൊവിഡ് 19 സാമൂഹ വ്യാപന ഘട്ടത്തിലേക്ക് മാറിയതോടെ തീരദേശ മേഖലയാകെ ഭീതിയിലായി. കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയിൽ ഗൾഫിൽ നിന്ന് വന്ന 22കാരന് 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കൊച്ചുപള്ളി കെളവിവിളാകത്ത് 42 കാരനെ ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 25 ഓളം പുല്ലുവിള സ്വദേശികളെയും 2 അടിമലത്തുറ സ്വദേശികളെയും ക്വാറന്റൈനിലാക്കി. ഇവരുടെ സ്രവ പരിശോധനാഫലം ലഭ്യമായിട്ടില്ല. ചികിത്സയിലുള്ള 42കാരൻ മറ്റ് തൊഴിലാളികളോടൊപ്പം മത്സ്യബന്ധനത്തിനും മാർക്കറ്റുകളിലും പൊതുഇടങ്ങളിലും സഞ്ചരിച്ചിരുന്നു. ആ നിലയ്ക്ക് ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ ആളുകള കണ്ടെത്തി പരിശോധിക്കേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയ പഞ്ചായത്താണ് കരുംകുളം. ഇവിടെ രോഗം സാമൂഹ വ്യാപനത്തിലേക്ക് കടന്നാൽ സ്ഥിതി ഗുരുതരമാകും. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സ്വീകരിച്ച ശ്രദ്ധയും കരുതലും ഇപ്പേഴില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മാർക്കറ്റുകളിലും ഷോപ്പുകളിലും ആളുകൾ കൂട്ടം കൂടുന്നതും ഗ്രൗണ്ടുകളിലും പൊതു സ്ഥലങ്ങളിലും കളിക്കുന്നതും തീരദേശത്ത് നിരോധിച്ചു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ വാഹനത്തിൽ അനൗൺസ്മെന്റും നടത്തുന്നുണ്ട്. പൂവാർ, വിഴിഞ്ഞം ഫയർ സ്റ്റേഷനുകളുടെ നേതൃത്വത്തിൽ അണുനശീകരണവും ഊർജിതമായി നടക്കുകയാണ്. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഇടവക കമ്മിറ്റി ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ആശങ്ക അകറ്റണം

രോഗവ്യാപനം തടയുന്നതിനും ജനങ്ങളുടെ ആശങ്ക നീക്കാനും തീരദേശത്ത് വ്യാപക പരിശോധന നടത്തേണ്ടതുണ്ട്. എന്നാൽ സ്രവ ശേഖരണത്തിനോ ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കുന്നതിനോ തീരദേശത്ത് വേണ്ടത്ര സൗകര്യങ്ങളില്ല. ഇവിടങ്ങളിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ പരിമിതമായ സൗകര്യക്കൾ മാത്രമാണുള്ളത്. സ്രവ പരിശോധനയ്ക്കായി പൂന്തുറയിൽ ആരംഭിച്ചതു പോലെ പുല്ലുവിള സാമുഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആന്റിബോഡി ടെസ്റ്റ് നടത്താനുള്ള സൗകര്യമൊരുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ അടിമലത്തുറ ഡി. ക്രിസ്തുദാസ് ആവശ്യപ്പെട്ടു.

ഈ പായത്തുകൾ

രോഗഭീതിയിൽ

 കാരോട്

 കുളത്തൂർ

 പൂവാർ

 കരുംകുളം

 കോട്ടുകാൽ