sarita

സരിതയും സ്വപ്‌നയും, ഭരണകൂടങ്ങളെ പിടിച്ചുലയ്ക്കാൻ കെൽപ്പുള്ള രണ്ട് പെണ്ണുങ്ങൾ... വർണപ്പകിട്ടാർന്ന സാരിത്തുമ്പിൽ ഭരണാധികാരികളെയും ജനപ്രതിനിധികളെയും സിനാമാതാരങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും കെട്ടിയിട്ട്, സോളാർ കേസിലൂടെ സരിത. എസ്. നായർ ഏഴ് വർഷമായി കേരളരാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നു. രണ്ട് രാജ്യങ്ങളെ ശത്രുതയിലേക്കും കാലുഷ്യത്തിലേക്കും തള്ളിയിടുമായിരുന്ന പണിയാണ് അടുത്ത നായിക, സ്വപ്‌നാ സുരേഷ് കാട്ടിയത്. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്കുള്ള ബാഗിൽ കോൺസുൽ അറ്റാഷെയുടെ പേരിൽ 30കിലോ സ്വർണം കടത്തി. 15 തവണ കടത്തിയപ്പോൾ ഒരുവട്ടം പിടിയിലായി. തലയൂരാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വരെ കൂട്ടുപിടിച്ചു. നാലുവർഷം കൊണ്ട് പടുത്തുയർത്തിയ പിണറായി സർക്കാരിന്റെ പ്രതിച്ഛായ ഒറ്റ ദിവസം കൊണ്ട് സ്വപ്‌ന ഇടിച്ചുകളഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ ലോകമോഡലായി മാറി തിളങ്ങിനിന്ന സർക്കാരിന്റെ നിറംകെടുത്തിക്കളഞ്ഞു സ്വപ്‌ന.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂട്ടുപിടിച്ചായിരുന്നു രണ്ട് നായികമാരുടെയും പ്രവർത്തനങ്ങൾ. ജിക്കുമോൻ, ജോപ്പൻ തുടങ്ങിയ പേഴ്സണൽ സ്റ്റാഫംഗങ്ങളാണ് ഉമ്മൻചാണ്ടിയെ കുടുക്കിയതെങ്കിൽ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനാണ് പിണറായിയെ വിവാദത്തിലാക്കിയത്. വിവാദനായികമാരായ സരിതയ്ക്കും സ്വപ്‌നയ്ക്കും പേരിൽ പോലുമുണ്ട് സാദൃശ്യമെന്നത് കൗതുകകരം. രണ്ടുപേരും ആകർഷകമായ വസ്ത്രധാരണത്തിലൂടെയും വാക്ചാതുരിയിലൂടെയും ആളുകളെ വശത്താക്കാൻ വിദഗ്ദ്ധർ. ഭരണത്തിലും ഉദ്യോഗസ്ഥവൃന്ദങ്ങളിലുമുള്ള സ്വപ്‌നയുടെ സ്വാധീനവും ബന്ധങ്ങളും പുറത്തുവരാനാരിക്കുന്നതേയുള്ളൂ.

ഉമ്മൻചാണ്ടിയുടെ ചെവിയിൽ സരിത രഹസ്യം പറയുന്ന ചിത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രചാരണായുധമാക്കിയത്. യു.എ.ഇ കോൺസുലേറ്റിന്റെ ഇഫ്താർ വിരുന്നിനിടെ, പിന്നിൽ വന്നുനിന്ന് പിണറായി വിജയനോട് സംസാരിക്കുന്ന സ്വപ്‌നയുടെ സമാനമായ ചിത്രമാണ് യു.ഡി.എഫ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. ഇളനീർ കുടിക്കുന്ന ചിത്രം പുറത്തുവന്നതോടെ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ‌ണൻ വിവാദത്തിൽ കുടുങ്ങിയെങ്കിൽ, സ്വപ്‌നയുടെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്ത വീഡിയോ പുറത്തുവന്നതോടെ സ്പീക്കർ പി.ശ്രീരാമകൃഷ്‌ണനും വിവാദത്തിലായി. ഉദ്ഘാടന ചടങ്ങിൽ ഇളനീർ കുടിക്കുന്ന സ്പീക്കറുടെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സരിതയുടെ ഫോൺവിളിയിൽ രണ്ട് കേന്ദ്രമന്ത്രിമാർ, സംസ്ഥാനത്തെ ഏഴ് മന്ത്രിമാർ, ആറ് എം.എൽ.എമാർ, എംപിമാർ എന്നിവരെല്ലാമുണ്ടായിരുന്നു. സ്വപ്‌നയുടെ ഫോൺവിളികൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. യു.ഡി.എഫ് ഭരണത്തിലെ ഉന്നതരെല്ലാം സരിതയുമായി അടുപ്പം പുലർത്തി വിവാദത്തിലായതിന് സമാനമായി രാഷ്ട്രീയഭേദമില്ലാതെ രാഷ്ട്രീയക്കാരുമായും ഡിജിപി ലോക്‌നാഥ് ബെഹ്റ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായുമൊത്തുള്ള സ്വപ്നയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആഡംബര ജീവിതം, ആകർഷകമായ വസ്ത്രധാരണം, മേയ്‌ക്ക് അപ്പ്, ഉന്നതരുമൊത്തുള്ള പാർട്ടികൾ, ആളുകളെ വലയിലാക്കാനുള്ള സാമർത്ഥ്യം, തുടരെയുള്ള വിദേശയാത്രകൾ, വിവാഹജീവിതത്തിലെ താളപ്പിഴകൾ എന്നിങ്ങനെ രണ്ട് വിവാദനായികമാർക്കും സാമ്യങ്ങളേറെയുണ്ട്. സോളാർകേസിൽ ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തിയപ്പോൾ രണ്ടുദിവസം സെക്രട്ടേറിയറ്റ് അടച്ചിട്ടിരുന്നു. മന്ത്രിമാർക്കും അത്യാവശ്യജീവനക്കാ‌ർക്കുമായി കന്റോൺമെന്റ് ഗേറ്റിലൂടെ സുരക്ഷാപാതയൊരുക്കി. കൊവിഡ് വ്യാപനം കാരണം ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഒരാഴ്ചത്തേക്ക് സെക്രട്ടേറിയറ്റ് അടച്ചിട്ടിരിക്കുമ്പോഴാണ് ഇപ്പോഴത്തെ വിവാദമെന്നത് കേവലം യാദൃശ്ചികം. ''നിയമം നിയമത്തിന്റെ വഴിക്ക് പോവും''- സോളാർ കേസിലെ ആരോപണങ്ങളോട് ഉമ്മൻചാണ്ടിയുടെ പ്രതികരണം ഇതായിരുന്നു. പിണറായിയുടെ ന്യായം ഇങ്ങനെ- ''ഉപ്പുതിന്നവൻ വെള്ളം കുടിക്കും''

വിവാദ നായികമാരുടെ ആറ് സാമ്യതകൾ

സംരക്ഷിക്കാൻ ഉന്നതന്മാർ

സോളാർ ഇടപാടിലൂടെ കേരളത്തിലുടനീളം കോടികളുടെ തട്ടിപ്പുനടത്തിയ സരിത എസ് നായരെ എട്ടുമാസത്തെ ജയിൽവാസത്തിനു ശേഷം മോചിപ്പിച്ചത് കാസർകോട്ടെ കോടതി പുറപ്പെടുവിച്ച വാറണ്ട് മറച്ചുവച്ചായിരുന്നു. കർണാടകത്തിലെ ഉത്തരകാനറയിൽ കാറ്റാടി യന്ത്രങ്ങളുടെയും സൗരോർജ്ജ പാനലുകളുടേയും വിതരണാവകാശം വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ കേസിലായിരുന്നു വാറണ്ട്. 39 കോടതികളിലായുള്ള 46 കേസുകളിലും ജാമ്യം നേടിയാണ് സരിത പുറത്തിറങ്ങിയത്. കോടതിയുടെ വാറണ്ട് ഹോസ്ദുർഗ്ഗ് പൊലീസ് ജയിൽ അധികൃതർക്ക് അയച്ചുകൊടുക്കാതെ പൂഴ്‌ത്തുകയായിരുന്നു.

എയർഇന്ത്യ ജീവനക്കാരനെ വ്യാജ പീഡനക്കേസിൽ കുടുക്കാൻ വ്യാജരേഖയുണ്ടാക്കുകയും ആൾമാറാട്ടം നടത്തുകയും ചെയ്ത രണ്ട് കേസുകളിൽ ക്രൈംബ്രാഞ്ച് പ്രതി ചേർക്കാനിരിക്കെയാണ് സ്വപ്‌നയ്ക്ക് സർക്കാരിലും കോൺസുലേറ്റിലും ഉന്നത നിയമനങ്ങൾ കിട്ടിയത്. കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി സ്വപ്‌നയെ നിയമിക്കാൻ വിദേശത്ത് നല്ല പിടിപാടുള്ള മുൻ കേന്ദ്രമന്ത്രിയാണ് ശുപാർശചെയ്തത്. ക്രിമിനൽ ബന്ധമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെയും ഇന്റലിജൻസിന്റെയും മുന്നറിയിപ്പുകൾ പൂഴ്‌ത്തി സ്വപ്‌നയെ ഐ.ടി വകുപ്പിൽ നിയമിച്ചതിനു പിന്നിൽ ഉന്നതന്റെ ഇടപെടലാണ്.

നാവിൻതുമ്പിലെ രഹസ്യം

സരിത.എസ് നായരുടെ മൊഴി യു.ഡി.എഫിലെ ഒരു ഉന്നതൻ അട്ടിമറിച്ചെന്നും യഥാർത്ഥ മൊഴി പുറത്തുവന്നിരുന്നെങ്കിൽ മൂന്നോ നാലോ മന്ത്രിമാർ രാജിവയ്ക്കേണ്ടി വരുമായിരുന്നുവെന്നും സരിതയുടെ അമ്മ ഇന്ദിരയാണ് വെളിപ്പെടുത്തിയത്. കേസിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി സത്യം മജിസ്ട്രേറ്റിനോട് പറയുന്നതിൽ നിന്ന് സരിതയെ വിലക്കുകയായിരുന്നു. സരിത സത്യംപറഞ്ഞിരുന്നെങ്കിൽ സർക്കാരിന് ഭീഷണിയാവുമായിരുന്നു. മന്ത്രിമാർ രാഷ്ട്രീയമായും സാമ്പത്തികമായും സരിതയെ ഉപയോഗിച്ചു. സരിതയെ ജയിലിൽത്തന്നെ കിടത്താൻ ചില നേതാക്കൾ ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ പലതും തുറന്നുപറയേണ്ടിവരും- ഇതായിരുന്നു അമ്മയുടെ വെളിപ്പെടുത്തൽ.

യു.എ.ഇ അറ്റാഷെയുടെ പേരിലുള്ള നയതന്ത്ര ബാഗിൽ മുപ്പതുകിലോ സ്വർണം കടത്താൻ സ്വപ്‌നയ്ക്ക് തനിച്ചു കഴിയില്ല. ദുബായിലെ യു.എ.ഇയുടെ വിദേശമന്ത്രാലയത്തിലടക്കം പിടിപാടുണ്ടാവണം. കേരളത്തിലെയും ദുബായിലെയും രാഷ്ട്രീയ, വ്യവസായ, ഉദ്യോഗസ്ഥ പ്രമുഖരടങ്ങിയ റാക്കറ്റിലെ ചെറുമീനാണ് സ്വപ്‌നയെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വപ്‌നയുടെ നാവിൻതുമ്പിൽ നിന്ന് വീഴാനിരിക്കുന്ന രഹസ്യങ്ങളിൽ ഉന്നതന്മാരുടെ തനിനിറം പുറത്തുവരുമെന്ന് കസ്റ്റംസ് പറയുന്നു.

തട്ടിച്ചെടുത്ത കോടികൾ

39 കോടതികളിലായുള്ള 46 കേസുകളിൽ തട്ടിച്ചെടുത്ത പണം തിരികെനൽകിയാണ് സരിത തലയൂരിയത്. ഇതിനായി 12.85 ലക്ഷം രൂപ ചെലവിട്ടു. കേസുകൾ ഒത്തുതീർക്കാൻ സരിതയ്ക്ക് പണംകിട്ടിയത് എവിടെനിന്നെന്ന് കണ്ടെത്താനായിട്ടില്ല. വഞ്ചനാകേസുകളിൽ തട്ടിച്ചെടുത്ത പണം തിരികെനൽകി കേസുകൾ ഒത്തുതീർപ്പാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതിനുള്ള പണം മോഷണമോ മറ്റേതെങ്കിലും കുറ്റകൃത്യവുമായോ ബന്ധപ്പെട്ട് സമ്പാദിച്ചതാണെങ്കിൽ മാത്രമേ പൊലീസിന്റെ അന്വേഷണപരിധിയിൽ വരൂ. വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ കേസുകളിലാണ് സരിതയ്ക്ക് വിചാരണ നേരിടേണ്ടിവന്നത്.

15 തവണയെങ്കിലും സ്വപ്‌നയും സരിത്തും സ്വർണംകടത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്. 100കോടി സ്വർണം കടത്തിയതിലൂടെ രണ്ടുകോടിയിലേറെ രൂപ ഇവർക്ക് കിട്ടിയിരിക്കണം. ഓരോ കടത്തിനും 15മുതൽ 25ലക്ഷം വരെയാണ് ഓരോ ഇടപാടിന്റെയും കമ്മിഷൻ. ഈ പണം ആർക്കൊക്കെ നൽകി, എവിടെയൊക്കെ നിക്ഷേപിച്ചു, ഇടനിലക്കാർക്ക് എത്രപണം നൽകി എന്നിവയെല്ലാം ഇനിവേണം കണ്ടെത്താൻ. ഏതെങ്കിലും കുറ്റകൃത്യം നടത്തി നേടിയ വരുമാനത്തിന്റെ സ്രോതസ് ആദായനികുതി വകുപ്പിന് അന്വേഷിക്കാനാവും.

ഫോൺവിളികളിലെ കുരുക്ക്

സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് കുരുക്കായത് സരിതയുടെ ഫോൺവിളികളായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോണിൽ സരിത വിളിച്ചതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സോളാർ തട്ടിപ്പു കേസിൽ അറസ്റ്റിലായ ദിവസവും മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജ് തന്റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ടെന്ന് സരിത ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ പൊളി​റ്റിക്കൽ സെക്രട്ടറി വാസുദേവശർമ്മയെ 34 തവണയും വിശ്വസ്തനായ തമ്പാനൂർ രവിയെ മൂന്ന് ഫോണുകളിൽ നിന്നായി 541 തവണയും മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിനെ 41 തവണയും സരിത വിളിച്ചു. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഫോൺവിളികൾ പുറത്തായതോടെ സർക്കാർ പ്രതിസന്ധിയിലായി. സ്വപ്നയുടെ ലാപ്ടോപും രേഖകളടങ്ങിയ ഫയലുകളും കസ്റ്റംസ് പിടിച്ചെടുത്ത് പരിശോധിക്കുകയാണ്. സ്വപ്നയുടെ കൂട്ടാളി സരിത്, കസ്റ്റംസ് പിടിയിലാവുന്നതിന് തൊട്ടുമുൻപ് ഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിച്ചിരുന്നു. ഇവ വീണ്ടെടുക്കാൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫോൺവിളികളിൽ നിന്ന് സ്വർണക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരുമെന്ന് കസ്റ്റംസ് പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ്

സരിതയ്ക്കും സ്വപ്‌നയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ് ഈ കേസുകളെ വിവാദകൊടുമുടി കയറ്റിയത്. പേഴ്സണൽ സ്റ്റാഫംഗങ്ങളായിരുന്ന ജോപ്പൻ, ജിക്കുമോൻ, സലിംരാജ് എന്നിവരെ പുറത്താക്കിയെങ്കിലും ഉമ്മൻചാണ്ടിക്ക് കുരുക്കഴിക്കാനായില്ല. പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പുറത്താക്കിയിട്ടും പിണറായിക്കും ഇതുതന്നെ സ്ഥിതി. പാലക്കാട് കിൻഫ്ര പാർക്കിൽ സൗരോർജ്ജപ്ളാന്റ് വാഗ്‌ദാനം ചെയ്ത് കോന്നി മല്ലേലിൽ ഇൻഡസ്ട്രീസ് ഉടമ താഴം മല്ലേലിൽ ശ്രീധരൻനായരിൽ നിന്ന് 40 ലക്ഷം തട്ടിയെന്ന ആരോപണമാണ് സോളാർകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ടെന്നിജോപ്പനെ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. സരിതയുടെ അറസ്റ്റ് തടയാനും അവരുടെ ബിസിനസ് മെച്ചപ്പെടുത്താനും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺവിളികളുണ്ടായെന്നായിരുന്നു ആരോപണം. സ്വർണമടങ്ങിയ ബാഗേജ് വിട്ടുനൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിന് വിളിയെത്തിയെന്നാണ് സ്വർണക്കടത്തു കേസിലെ പ്രതിപക്ഷആരോപണം. സെക്രട്ടേറിയറ്റിൽ സ്വതന്ത്രവിഹാരം നടത്തിയെന്ന് സ്വപ്‌നയ്ക്കും സരിതയ്ക്കുമെതിരെ ആരോപണമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ഇരുകേസുകളിലും വിവാദമുനയിലായി. സരിതയുമായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതിയിൽ കേസുണ്ടായി. സമാനമായ ആവശ്യം അന്ന് മന്ത്രിയായിരുന്ന ഷിബുബേബിജോൺ ഉന്നയിച്ചുകഴിഞ്ഞു.

സർക്കാരിനെതിരായ ഗൂഢാലോചന

സോളാർ കേസിൽ സർക്കാരിനെതിരെ ചിലർ ഗൂഢാലോചന നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുമെന്നുമായിരുന്നു ആഭ്യന്തരമന്ത്റിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിലപാട്. സർക്കാർ നിലപാടുകൾ കാരണം നഷ്ടം സംഭവിച്ചവർ മ​റ്റുചിലരെ ഉപയോഗിച്ച് ആരോപണം ഉന്നയിക്കുന്നു. അതിന്റെ ഫലമാണ് മുഖ്യമന്ത്റി ഉമ്മൻചാണ്ടിക്കും മ​റ്റുമന്ത്റിമാർക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾ. ഇത്തരം ആരോപണങ്ങൾ ഉയർത്തി യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. യു.ഡി.എഫ് സർക്കാരിനെ താഴെയിറക്കാൻ ചിലർ ഗൂഢോദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നു. ഇവർക്ക് ഒത്താശചെയ്യാൻ ചില മാധ്യമങ്ങളും രംഗത്തിറങ്ങി. അവരുടെ പദ്ധതികൾ നടപ്പാവില്ല- ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സർക്കാരിനെതിരായ നീക്കമാണ് സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ വാദം. പുകമറ ഉയർത്തി സർക്കാരിനെ തളർത്തിക്കളയാനാണ് ഉദ്ദേശമെങ്കിൽ നടക്കില്ലെന്നാണ് പിണറായി പറഞ്ഞത്.