mullapally

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സി.ബി.ഐക്ക് വിടുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം 'റോ'യും എൻ.ഐ.എയും കൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതൊരു സാധാരണ സ്വർണക്കടത്തായി കാണാനാകില്ല. രാജ്യസുരക്ഷയേയും യു.എ.ഇയുമായുള്ള സുഹൃദ് ബന്ധത്തേയും ബാധിക്കുന്നതാണ് സംഭവം.മലയാളികളുടെ ശക്തമായ സാന്നിദ്ധ്യം യു.എ.ഇയിലുണ്ടെന്ന് മനസിലാക്കിയാണ് 2016 ൽ കോൺസുലേറ്റ് ജനറലിന്റെ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കാൻ യു.എ.ഇ തീരുമാനിച്ചത്. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായിപ്പോലും സ്വർണക്കടത്ത് റാക്കറ്റിന് വലിയ ബന്ധമുണ്ടെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് ഏറ്റവുമധികം സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ് ശിവശങ്കർ. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഘട്ടത്തിൽ തന്നെ സ്വപ്ന സുരേഷിന് ഐ.ടി.വകുപ്പിൽ ഉന്നത പദവിയിൽ നിയമനം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നത് അപകടകരമായ സ്ഥിതിയാണെന്നും അതുകൊണ്ട് അടിയന്തര ഇടപെടൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.