gururatnam

തിരുവനന്തപുരം: കുറ്റാരോപിതർക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല ശാന്തിഗിരി ആശ്രമമെന്നും അപവാദ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയതിനെപ്പറ്റി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി.

സ്വപ്ന സുരേഷ് ആശ്രമത്തിലെത്തിയെന്നും ആയുർവേദ ചികിത്സ തേടിയെന്നുമൊക്കെയുള്ള വ്യാജ പ്രചാരണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഉദ്യോഗസ്ഥർ ആശ്രമത്തിലെത്തിയത്. വിവരങ്ങൾ ആരാഞ്ഞ് ഉദ്യോഗസ്ഥർ പോയി മണിക്കൂറുകൾക്കകം ആശ്രമത്തിനെതിരെ സൈബർ ആക്രമണം നടത്തുകയായിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മുൻപും ചില കേസുകളിൽ സമാന രീതിയിൽ ഓൺലൈൻ മാദ്ധ്യമങ്ങൾ മുഖേന വ്യാജപ്രചാരണങ്ങൾ ആശ്രമത്തിനെതിരെ ഉണ്ടായിട്ടുണ്ട്.

ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ കോൺസലിന്റെ ഇഫ്താർ വിരുന്നിൽ മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരോടൊപ്പം പങ്കെടുത്തത്. അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ആശ്രമത്തെയും സന്യാസിമാരെയും പൊതുസമൂഹത്തിൽ അവഹേളിക്കാനാണ്.