കിളിമാനൂർ: എല്ലാ വർഷവും കാലവർഷം തോരുന്നതോടെ നാട്ടിൻപുറങ്ങളിൽ പനി സജീവമാകുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഉണ്ടാകുന്ന വ്യത്യസ്ത തരത്തിലുള്ള പനികൾ ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, നിപ തുടങ്ങിയ പനികളായിരുന്നു കഴിഞ്ഞ വർഷങ്ങളിലെങ്കിൽ ഇക്കുറി കൊവിഡാണ് എത്തിയത്. അതുകൊണ്ട് തന്നെ പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ജനങ്ങൾ ആശുപത്രിയിൽ എത്താറുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ അടയമൺ, നഗരൂർ, മുളയ്ക്കലത്ത് കാവ് എന്നിവിടങ്ങളിൽ ദിവസേന നൂറുകണക്കിന് ആളുകളാണ് പനിക്ക് ചികിത്സ തേടി എത്തുന്നത്. കേശവപുരം സി.എച്ച്.സിയിൽ നൂറോളം രോഗികളാണ് എത്താറുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സ തേടി എത്തുന്നുണ്ട്. വൈറൽ പനിയുമായി എത്തുന്നവരാണ് കൂടുതൽ പേരും. മഴക്കാലമായതോടെ പ്രദേശത്തെ മാലിന്യങ്ങൾ അഴുകിയും മലിനജലത്തിൽ നിന്നും കൊതുക് പോലുള്ള അസുഖം പരത്തുന്ന ജീവികളിൽ നിന്നുമാണ് അസുഖങ്ങൾ ഏറെയും പടർന്നു പിടിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പനി പടർന്നു പിടിക്കുന്നതോടെ സ്വകാര്യ ലാബുകളും കൊള്ള തുടങ്ങിയിട്ടുണ്ട്. രക്ത പരിശോധനകൾക്ക് വ്യത്യസ്ത നിരക്കുകളാണ് ഓരോ ലാബുകളും ഈടാക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.