കാസർകോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കായിക വിനോദങ്ങളിൽ ഏർപ്പെടരുതെന്ന നിർദേശം ലംഘിച്ച് വോളിബാൾ കളിക്കുകയായിരുന്ന സംഘം പൊലീസിനെ കണ്ടപ്പോൾ ചിതറിയോടി. പള്ളിക്കര പൂച്ചക്കാട്ടെ പൊതുസ്ഥലത്താണ് വോളിബാൾ നടന്നത്. അതേസമയം മാസ്‌ക് ധരിക്കാതെ വോളിബാൾ കളി വീക്ഷിക്കാനെത്തിയ രണ്ടുപേർ പൊലീസ് പിടിയിലായി. കൊവിഡ് വ്യാപനത്തിന് സാഹചര്യമുണ്ടാക്കുന്ന വിധം വോളിബാൾ കളിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂന്ന് പഞ്ചായത്തുകളിലെ മിക്ക വാർഡുകളിലും കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ കായികമത്സരങ്ങൾ നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു. ക്ലബുകൾക്കും സംഘടനകൾക്കും ഇതുസംബന്ധിച്ച് നോട്ടീസ് നൽകുകയും ചെയ്തു. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കടുത്തനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.