തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒളിവിൽപ്പോയ സന്ദീപ് നായർ സി.പി.എം പ്രവർത്തകനാണെന്ന പ്രചാരവേലയ്ക്ക് ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന്‌ പാർട്ടി ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ്.കെ.പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്. ഇയാളുടെ ഫേസ്ബുക്കിൽ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രമുണ്ട്‌. എസ്.കെ.പി രമേശ് അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സന്ദീപിനെ സി.പി.എം പ്രവർത്തകനായി ചിത്രീകരിച്ച് നടത്തുന്ന ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്നും ആനാവൂർ അഭ്യർത്ഥിച്ചു.