തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം പ്രതിപക്ഷം ആയുധമാക്കവേ, ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിലുള്ള അതൃപ്തി പ്രകടമാക്കി സി.പി.ഐയുടെ മുഖപത്രം. ഇത്തരം ആരോപണങ്ങളുയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് ഇന്നലെ മുഖപത്രത്തിൽ സി.പി.ഐ വിമർശിച്ചു. അതേസമയം, ആരോപണവിധേയരെ ഉടനടി നീക്കിയ നടപടിയെ ന്യായീകരിച്ച് സർക്കാരിന് ധാർമ്മികപിന്തുണയും നൽകി. സോളാർ കേസുമായി ഇതിനെ താരതമ്യം ചെയ്യുന്നതിനെ സി.പി.ഐ ചോദ്യം ചെയ്യുന്നു.
'മുൻസർക്കാരിന്റെ കാലത്ത് നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളുമുണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്ന സുരേഷിനെ പുറത്താക്കിയതും ശിവശങ്കറിനെ മാറ്റിയതും. സോളാർ വിവാദത്തിൽ ചിലരെയെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നെന്ന് പഴയ സംഭവങ്ങൾ ഓർത്തെടുത്താൽ മനസ്സിലാക്കാനാകും. ഇവയെല്ലാം പരിശോധിച്ചാൽ തന്നെ താരതമ്യം അസ്ഥാനത്താണെന്ന് വ്യക്തമാകും. കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് വൻ സ്വർണക്കള്ളക്കടത്ത് എന്ന യഥാർത്ഥ കുറ്റകൃത്യം മാഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂടാ. സമഗ്ര അന്വേഷണം വേണം. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതയുള്ള തട്ടിപ്പിന്റെ വസ്തുതകളെല്ലാം പുറത്തുകൊണ്ടുവരണം. അതിലേത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും പുറത്ത് കൊണ്ടുവരികയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം'- സി.പി.ഐ ആവശ്യപ്പെട്ടു.