നെയ്യാറ്റിൻകര: കണ്ടയ്ൻമെന്റ് സോണിൽ താമസിക്കുന്ന കെ. ആൻസലൻ എം.എൽ.എ പൊതുപരിപാടിയിൽ പങ്കെടുത്തത് പ്രതിഷേധത്തിനിടയാക്കി. ഇതിന്റെ പേരിൽ കോൺഗ്രസുകാർ അദ്ദേഹത്തിന്റെ വീട് ഇന്നലെ ഉപരോധിച്ചു. പൊലീസെത്തിയാണ് സമരക്കാരെ പിരിച്ചു വിട്ടത്. ആൻസലൻ എം.എൽ.എ താമസിക്കുന്ന വഴുതൂർ വാർഡ്, ജൂലായ് 2 ന് കണ്ടയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു. സന്ദർശകരെയും പൊതുപരിപാടികളും ഒഴിവാക്കി അന്നേ ദിവസം വൈകുന്നേരം മുതൽ ആൻസലൻ സ്വയം നിരീക്ഷണത്തിൽ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ആൻസലന്റെ വീടിന് സമീപത്ത് താമസിക്കുന്ന ഐ.എസ്.ആർ.ഒ ട്രെയിനിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ വാർഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ വ്യക്തിയുടെ പ്രൈമറി കോണ്ടാക്ടുകളുടെ പരിശോധന ഫലം ജൂലായ് 5 ന് പുറത്ത് വന്നതിനെ തുടർന്ന്, ആറാം തീയതി മുതൽ അത്യാവശ്യം പരിപാടികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുക്കാമെന്ന് ആരോഗ്യ വകുപ്പ് ആൻസലൻ എം.എൽ.എക്ക് അനുമതി നൽകിയിരുന്നു. ഇതേ തുടർന്ന് അത്യാവശ്യം പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണം. രാഷ്ട്രീയ പ്രേരിതമായി കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തുന്ന ഇത്തരം സമരങ്ങൾ അവസാനിപ്പിക്കണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹനൻ അഭ്യർത്ഥിച്ചു.