road

വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് തോട്ടുമുക്ക് പേയത്തുറയിൽ നിന്നും മണലയം വഴി ആനപ്പെട്ടിയിലേക്ക് പോകുന്ന റോഡ് ഗതാഗതയോഗ്യമാകുന്നു. തൊളിക്കോട് പഞ്ചായത്തിലെ ചായം വാർഡ് പരിധിയിലുള്ള റോഡ് വർഷങ്ങളായി തകർന്ന സ്ഥിതിയിലാണ്.

റോഡിന്റെ തകർച്ച ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു റോഡ് സന്ദർശിക്കുകയും ടാറിംഗ് നടത്തുന്നതിനായി 25 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. റോഡിന്റെ മിക്ക ഭാഗത്തും മെറ്റൽ ഇളകി മൺപാതയായി മാറി. മഴക്കാലമായാൽ റോഡ് വെള്ളക്കെട്ടായി മാറും. ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണയാണ് നാട്ടുകാർ ത്രിതല പഞ്ചായത്തുകൾക്ക് നിവേദനം നൽകിയിരുന്നു. ആനപ്പെട്ടി, മണലയം മേഖലയിലുള്ളവരുടെ പ്രധാന ആശ്രയമായ ഇൗ റോഡ് ഉടൻ ഗതാഗതയോഗ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

നിർമ്മാണോദ്ഘാടനം ഇന്ന്

മണലയം - ആനപ്പെട്ടി റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് മണലയം സി.എസ്.എെ ഹാളിൽ കൂടുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിക്കും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ്, വൈസ് പ്രസിഡന്റ് ആർ.സി.വിജയൻ, ചായം വാർ‌ഡ് മെമ്പർ ബിജു, തോട്ടുമുക്ക് വാർഡ് മെമ്പർ സജിത എന്നിവർ പങ്കെടുക്കും.

നന്ദി രേഖപ്പെടുത്തി

മണലയം ആനപ്പെട്ടി റോഡ് ഗതാഗതയോഗ്യമാക്കുവാൻ ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മധുവിന് മണലയം റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് മണലയം ലോറൻസും,സെക്രട്ടറി സതീഷ്കുമാറും നന്ദി രേഖപ്പെടുത്തി.