iass

തിരുവനന്തപുരം: എം. ശിവശങ്കറിന് പകരം മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐ.ടി സെക്രട്ടറി പദവികളിൽ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിച്ചതിൽ മുതിർന്ന ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മിർ മുഹമ്മദ് അലിയെയും ഐ.ടി സെക്രട്ടറിയായി മുഹമ്മദ് വൈ. സഫിറുള്ളയെയുമാണ് നിയമിച്ചത്. 2010 ഐ.എ.എസ് ബാച്ചുകാരനാണ് മിർ മുഹമ്മദ് അലി. 2011 ബാച്ചിലെ സഫിറുള്ള കളക്ടർ പദവിയിൽ നിന്ന് മാറുന്നതേയുള്ളൂ.

മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയിൽ ജൂനിയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചാൽ ഫയലിൽ വിയോജനക്കുറിപ്പ് ഉൾപ്പെടെ രേഖപ്പെടുത്താനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വാദം. മുഖ്യമന്ത്രിയുടെ സെക്രട്ടറിയെന്നത് ഉപദേശകപദവിയാണ്. മുഖ്യമന്ത്രിക്ക് കീഴിൽ അഡിഷണൽ ചീഫ്സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരുമടക്കമുണ്ട്. ഇവരെല്ലാം പരിശോധിച്ചുവിടുന്ന ഫയലുകളിൽ ജൂനിയറായ മിർ മുഹമ്മദലിക്ക് എന്ത് ഉപദേശം നൽകാനാകുമെന്നും ഇവർ സംശയമുയർത്തുന്നു.

സഫിറുള്ളയ്ക്ക് അഡിഷണൽ സെക്രട്ടറിയുടെ റാങ്കാണിപ്പോൾ. അദ്ദേഹത്തിന് ഐ.ടി സെക്രട്ടറിയുടെ പൂർണ ചുമതലയാണ് നൽകുന്നത്. താൽക്കാലികമായി ചുമതല നൽകുന്നതിൽ അപാകതയില്ല. അദ്ദേഹത്തേക്കാൾ സീനിയറായ ഉദ്യോഗസ്ഥൻ വേറെ വകുപ്പിൽ പാടില്ലെന്നേയുള്ളൂ.

അതേസമയം, ഐ.ടി സെക്രട്ടറിയുടെ ചുമതലയിൽ ജൂനിയറിനെ നിയമിക്കുന്നത് ഇപ്പോഴത്തെ ആരോപണങ്ങൾ അടങ്ങുമ്പോൾ ശിവശങ്കറിന് മടങ്ങിയെത്താനായി തസ്തിക ഒഴിച്ചിടാനാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. സഫിറുള്ള വിദേശത്ത് നിന്ന് മടങ്ങിയെത്താൻ വൈകുന്നതിനാൽ താത്കാലിക ചുമതല സഞ്ജയ് കൗളിന് കൈമാറിയിരുന്നു.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണെങ്കിലും ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. അതേസമയം, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി വി.എസ്. സെന്തിൽ നിലവിലുണ്ട്.