തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ.എ.എസ് )പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ഷോർട്ട് ലിസ്റ്റ് അടുത്ത മാസം ആദ്യവാരം പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലാണ് പി.എസ്.സി. മൂന്നര ലക്ഷം പേരെഴുതിയ പരീക്ഷയിൽ നിന്നു ആറായിരത്തോളം പേരുടെ ഷോർട്ട് ലിസ്റ്റാവും പ്രസിദ്ധീകരിക്കുക.
മൂന്ന് സ്ട്രീമുകളിലായി മൂന്നര ലക്ഷത്തോളം പേരെഴുതിയ പരീക്ഷയുടെ 18,000 ത്തിലധികം ഉത്തരക്കടലാസുകൾ പരിശോധിക്കാതെ മെഷീൻ പുറന്തള്ളിയതാണ് മൂല്യനിർണയം വൈകാൻ കാരണം. ഈ ഉത്തരക്കടലാസുകളുടെ മാന്വലായ പരിശോധന പൂർത്തിയായിട്ടില്ല. പി.എസ്.സി ആസ്ഥാനത്ത് രണ്ടാം റൗണ്ട് പരിശോധന നടക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ സെപ്തംബറിലോ ഒക്ടോബറിലോ ഫൈനൽ പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷ. 32 വയസ്സിൽ താഴെയും അസി. സെക്ഷൻ ഓഫീസർ റാങ്കിലുമുള്ള ഉദ്യോഗസ്ഥരെയാണ് മാന്വൽ മൂല്യനിർണയത്തിന് നിയോഗിച്ചിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബറിൽ വരുന്നതിന് മുമ്പ് ഫൈനൽ പരീക്ഷ നടത്താനാണ് ആലോചന. തുടർന്ന് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഈ സർക്കാരിന്റെ കാലത്ത് തന്നെ കെ.എ.എസ് നിയമനം നടത്താനാണ് നീക്കം.